ചെന്നൈ: സിനിമാ സംവിധായകയും ഗായികയുമായ ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ മോഷണം നടന്നതായി പരാതി. ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരവധി സ്വര്‍ണാഭരണങ്ങളും രത്നങ്ങളുമാണ് ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ നിന്ന് മോഷണം പോയത്. തെയ്നാമ്പേട്ട് പോലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട്.
വീട്ടില്‍ ജോലിക്ക് നില്ക്കുന്ന മൂന്ന് പേരെ മോഷണവുമായി ബന്ധപ്പെട്ട് സംശയിക്കുന്നുണ്ട്. ഐശ്വര്യ തന്നെയാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ പേര് വിവരങ്ങള്‍ പൊലീസിന് കൈമാറിയത്.
ഡയമണ്ട് സെറ്റുകള്‍, അണ്‍കട്ട് ഡയമണ്ട്, ടെംപിള്‍ ജ്വല്ലറി കളക്ഷന്‍, ആന്റിക് ഗോള്‍ഡ് പീസുകള്‍, നവരത്നം സെറ്റ്, അറം നെക്ക്ലേസ്, 60 പവന്റെ വളകള്‍ എന്നിവയാണ് ഐശ്വര്യയുടെ വീട്ടില്‍ നിന്ന് മോഷണം പോയത്. എഫ്ഐആറില്‍ 3.6 ലക്ഷം രൂപയുടെ മോഷണമാണ് നടന്നിരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതിലും കൂടുതല്‍ നഷ്ടപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2019 ല്‍ സഹോദരി സൗന്ദര്യയുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷമാണ് ഐശ്വര്യ ഈ ആഭരണങ്ങളെല്ലാം വീട്ടിലെ ലോക്കറില്‍ വച്ചത്. സെന്റ് മേരീസ് റോഡിലെ അപ്പാര്‍ട്ട്മെന്റിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഏപ്രില്‍ 9, 2022 ല്‍ ഈ ലോക്കര്‍ രജനികാന്തിന്റെ പയസ് ഗാര്ഡന് വീട്ടിലേക്ക് മാറ്റിയിരുന്നു. ലോക്കറിന്റെ താക്കോല്‍ എന്നാല്‍ സെന്റ് മേരീസ് അപ്പാര്‍ട്ട്മെന്റിലെ അലമാരയില്‍ തന്നെയാണ് സൂക്ഷിച്ചിരുന്നത്. ഇക്കാര്യം വീട്ടിലെ സഹായികള്‍ക്ക് അറിയാമായിരുന്നു എന്നാണ് ഐശ്വര്യ പോലീസിനോട് പറഞ്ഞത്.