ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസില്‍ നൂറിലേറെ സീറ്റുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ധാരണ. സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റുണ്ടാകില്ല. ആദ്യ സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പുറത്തുവിടുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ആരുമായും സഖ്യത്തിനില്ലെന്നും പോരാട്ടം ഒറ്റയ്ക്കാണെന്നും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി.
”സംസ്ഥാനത്ത് വലിയ മാറ്റം വന്നതായി കാണുന്നു. സംസ്ഥാനം ഇപ്പോള്‍ പുതിയ ഭരണകൂടത്തെ തേടുകയാണ്. രാജ്യത്തിന്റെ അഴിമതിയുടെ തലസ്ഥാനമായി കര്‍ണാടക മാറിയിരിക്കുകയാണ്. അതുകൊണ്ട് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ 1300ലധികം പേരാണ് അപേക്ഷിച്ചത്. എല്ലാവരും കടുത്ത മത്സരാര്‍ത്ഥികള്‍ തന്നെയാണ്. പക്ഷേ എല്ലാവരെയും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. 224 സീറ്റുകള്‍ മാത്രമാണുള്ളത്. പട്ടികയില്‍നിന്ന് സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കും. യുവതലമുറയ്ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ സീറ്റുകള്‍ നല്‍കാനാണ് ആഗ്രഹം” ഡി.കെ. ശിവകുമാര്‍ പറഞ്ഞു.
അതേസമയം, സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കാനായി വെള്ളിയാഴ്ച കോണ്‍ഗ്രസ് കേന്ദ്ര കമ്മിറ്റി ഡല്‍ഹിയില്‍ യോഗം ചേരും. നിലവില്‍ അധികാരത്തിലുള്ള കര്‍ണാടകയില്‍ ഇപ്പോള്‍ തന്നെ ബിജെപി പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ഒരു മാസത്തിനിടെ നിരവധി ബിജെപി ദേശീയ നേതാക്കളാണ് കര്‍ണാടക സന്ദര്‍ശിച്ചത്. മാര്‍ച്ച് 20ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബെലഗാവി സന്ദര്‍ശിക്കും. മേയ് മാസത്തിനു മുന്‍പ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന.