CrimeNEWS

ഏഴ് മാസം ഒന്നിച്ച് താമസിച്ചശേഷം മുന്‍ ഭര്‍ത്താവിനൊപ്പം പോയി; കണ്ണൂരില്‍ കോടതി ജീവനക്കാരിയ്ക്ക് നേരെ ആസിഡ് ആക്രമണം

കണ്ണൂര്‍: കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജീവനക്കാരിയായ നടുവില്‍ സ്വദേശി കെ ഷാഹിദ(46)യ്ക്ക് നെരെയാണ് ആക്രമണമുണ്ടായത്. മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗത്തും ആസിഡ് വീണ് സാരമായി പൊള്ളലേറ്റ ഇവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് ക്ലര്‍ക്ക് ചപ്പാരപ്പടവ് കൂവേരിയിലെ മടത്തില്‍ മാമ്പള്ളി അഷ്‌ക്കറിനെ(52) പോലീസ് അറസ്റ്റുചെയ്തു.

തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിന് സമീപം ന്യൂസ് കോര്‍ണര്‍ ജംഗ്ഷനില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ആക്രമണമുണ്ടായത്. ഷാഹിദ കോടതിയില്‍ നിന്ന് മടങ്ങി വരുന്ന വഴിയില്‍ കാത്തിരുന്ന അഷ്‌കര്‍ സമീപത്തുപോയി സംസാരിച്ചു. പിന്നീട് കൈയില്‍ കരുതിയിരുന്ന ആസിഡ് യുവതിയുടെ ദേഹത്തേയ്ക്ക് ഒഴിച്ചു. ശേഷം കുപ്പിയോടെ ദേഹത്തേക്ക് വലിച്ചെറിയുകയായിരുന്നു. ആക്രമണത്തില്‍ നിലത്തുവീണ ഷാഹിദ അലറിക്കരഞ്ഞു. ആസിഡ് വീണ് തലമുടിയും വസ്ത്രങ്ങളും കരിഞ്ഞു.

Signature-ad

മുഖത്തും ചുമലിലും കൈകളിലും പൊള്ളലേറ്റു. ഷാഹിദയുടെ തൊട്ടുപിന്നിലുണ്ടായിരുന്ന മുന്‍സിഫ് കോടതി ജീവനക്കാരന്‍ പയ്യാവൂര്‍ സ്വദേശി പ്രവീണ്‍ തോമസിനും നഗരത്തില്‍ പത്ര വില്‍പ്പന നടത്തുന്ന മംഗര അബ്ദുള്‍ ജബ്ബാറിനും ആസിഡ് വീണ് പൊള്ളലേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തുണ്ടായിരുന്ന മൂന്നുപേരുടെ വസ്ത്രങ്ങളും ആസിഡ് വീണ് കരിഞ്ഞു. അഷ്‌കറിനെ ഉടന്‍ തന്നെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. അഷ്‌കറിന്റെ വസ്ത്രങ്ങളും ആസിഡ് വീണ് കരിഞ്ഞ നിലയിലാണ്. പൊള്ളലേറ്റതിനാല്‍ പോലീസ് ഇയാളെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മതാചാരപ്രകാരം വിവാഹം ചെയ്ത് ഏഴുമാസം ഒന്നിച്ചുതാമസിച്ച ശേഷം തന്നെ ഒഴിവാക്കി മുന്‍ ഭര്‍ത്താവിനൊപ്പം ഷാഹിദ താമസിക്കുന്നുവെന്നാണ് ആക്രമിച്ചതിന് കാരണമായി പ്രതി പറയുന്നത്.

Back to top button
error: