തിരുവനന്തപുരം: ഓര്‍ത്തഡോക്സ്, യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കുന്നതിനുള്ള ബില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് യോഗം അനുമതി നല്‍കിയിരുന്നു. നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തി നിയമ വകുപ്പും അഡ്വക്കറ്റ് ജനറലും പരിശോധിച്ച ശേഷമാകും ബില്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു വരിക.
എല്ലാ വിഭാഗത്തിനും ആരാധനയ്ക്ക് അവസരം നല്കുന്ന കരടു ബില്ലിനുള്ള നിര്‍ദേശമാണു നിയമമന്ത്രി പി.രാജീവ് കഴിഞ്ഞ ദിവസത്തെ എല്‍ഡിഎഫ് യോഗത്തില്‍ അവതരിപ്പിച്ചത്. ഹിതപരിശോധനയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുന്ന സഭയ്ക്കു ഇടവകകളില്‍ വികാരിയെ നിശ്ചയിക്കാന്‍ അനുമതി നല്‍കണമെന്നു നിര്‍ദേശം ഉണ്ടെങ്കിലും അതു ബില്ലില്‍ ഉള്‍പ്പെടുത്തുമോ എന്നു വ്യക്തമല്ല. സുപ്രീംകോടതി അംഗീകരിച്ച പള്ളികളുടെ ഉടമസ്ഥാവകാശത്തില്‍ മാറ്റം വരുത്താതെയാണു ഹിത പരിശോധന ആലോചിക്കുന്നത്. വികാരിയെ തീരുമാനിക്കാന്‍ അവകാശം ഉള്ളവര്‍ക്കു മാത്രമല്ല, മറു വിഭാഗത്തിനും തങ്ങളുടെ വൈദികരെ ഉപയോഗിച്ചു കുര്‍ബാനയും സംസ്കാര ശുശ്രൂഷയും മറ്റും നടത്തുന്നതിനു പ്രത്യേക സമയക്രമം അനുവദിക്കാനും നിര്‍ദേശം ഉണ്ട്.
ബില്‍ സുപ്രീം കോടതി വിധി അനുസരിച്ചുള്ളതാണെന്ന് ഉറപ്പു വരുത്താന്‍ എജിയോടും നിയമ സെക്രട്ടറിയോടും നിര്‍ദേശിച്ചിട്ടുണ്ട്. അവരുടെ അഭിപ്രായത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമ കരടിനു രൂപം നല്‍കുക. നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ആരാധന എല്ലാ പള്ളികളിലും നടക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാന്‍ കലക്ടര്‍ അധ്യക്ഷനും ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവര്‍ അംഗങ്ങളുമായി സമിതി രൂപീകരിക്കാന്‍ നിര്‍ദേശമുണ്ട്. ആരാധനാ സ്വാതന്ത്ര്യം ലംഘിക്കുന്നതായി പരാതി ഉയര്‍ന്നാല്‍ ഈ സമിതി പരിശോധിക്കും. നിയമത്തിന് തടസ്സം നില്‍ക്കുന്നവര്‍ക്ക് പിഴയും തടവും പരിഗണനയില്‍ ഉണ്ടെന്നാണ് സൂചന.
അതിനിടെ, പള്ളി തര്‍ക്കത്തിലെ നിയമ നിര്‍മ്മാണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കണ്ട് ഓര്‍ത്തഡോക്സ് പക്ഷം എതിര്‍പ്പറിയിച്ചു. കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ ഇന്നലെ രാത്രിയായിരുന്നു കൂടിക്കാഴ്ച. സഭാ സെക്രട്ടറി ബിജു ഉമ്മന്‍, സിനഡ് സെക്രട്ടറി മെത്രാപ്പോലീത്ത അത്മായ സെക്രട്ടറി റോണി വര്‍ഗീസ് എന്നിവരടങ്ങുന്ന സഭാ പ്രതിനിധികളാണ് പാര്‍ട്ടി സെക്രട്ടറിയെ കണ്ടത്. നിലപാട് പാര്‍ട്ടി സെക്രട്ടറിയെ അറിയിച്ചതായി ഓര്‍ത്തഡോക്സ് സഭ വിശദമാക്കി. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു.