IndiaNEWS

ത്രിപുരയില്‍ പ്രതിപക്ഷ എം.പിമാരുടെ സന്ദര്‍ശനത്തിനിടെ ആക്രമണം; ഒരിഞ്ച് പിന്നോട്ടില്ലെന്ന് എളമരം, അപലപിച്ച് പിണറായി

അഗര്‍ത്തല: ത്രിപുര സന്ദര്‍ശനത്തിനിടെ പ്രതിപക്ഷ എംപിമാര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി കേരളത്തില്‍നിന്നുള്ള രാജ്യസഭാ എംപി എളമരം കരീം രംഗത്ത്. ത്രിപുരയിലെ ബിസാല്‍ഗാര്‍ഹ് നിയമസഭാ മണ്ഡലത്തില്‍ ജനങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് എളമരം കരീം വിശദീകരിച്ചു. സംഘടിച്ചെത്തിയ ബിജെപി ഗുണ്ടകള്‍ ജയ് ശ്രീറാം, ഗോ ബാക്ക് മുദ്രാവാക്യങ്ങളുയര്‍ത്തി ആക്രമിക്കുകയായിരുന്നു. ത്രിപുരയില്‍ ക്രമസമാധാനംപാടെ തകര്‍ന്ന അവസ്ഥയാണു നിലനില്‍ക്കുന്നത്. ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നതു ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും എളമരം കരിം വ്യക്തമാക്കി. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

”നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം വ്യാപക ആക്രമണം അരങ്ങേറിയ ത്രിപുരയില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാന്വേഷണ സംഘത്തിനു നേരെ ബിജെപി ആക്രമണം. ഞങ്ങള്‍ ത്രിപുരയിലെ ബിസാല്‍ഗാര്‍ഹ് നിയമസഭാ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ സംഘടിച്ചെത്തിയ ബിജെപി ഗുണ്ടകള്‍ ജയ് ശ്രീറാം, ഗോ ബാക്ക് മുദ്രാവാക്യങ്ങളുയര്‍ത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഞാനും പാര്‍ട്ടി ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എഐസിസി ജനറല്‍ സെക്രട്ടറി അജോയ് കുമാര്‍, കോണ്‍ഗ്രസ് എംപി അബ്ദുല്‍ ഖാലിക് എന്നിവരും ജനങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്.” എളമരം കരിം കുറിച്ചു.

”അക്രമികള്‍ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും സ്ഥലത്തു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഞങ്ങളെ ദേഹോപദ്രവം ഏല്‍പ്പിക്കാനുള്ള ശ്രമവും ഉണ്ടായി. പൊലീസ് ഇടപെടല്‍ കാര്യക്ഷമമായി ഉണ്ടായില്ല. ക്രമസമാധാനം പാടേ തകര്‍ന്ന അവസ്ഥയാണ് ത്രിപുരയില്‍ നിലനില്‍ക്കുന്നത്. ബിജെപി ഗുണ്ടാ രാജാണ് അവിടെ നടക്കുന്നത്. ഇത്തരം അക്രമം കൊണ്ടൊന്നും പ്രതിപക്ഷ എംപിമാരുടെ സന്ദര്‍ശനം തടയാനാകില്ല. ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണ്” കരിം വ്യക്തമാക്കി.

അതേസമയം, ത്രിപുരയില്‍ പ്രതിപക്ഷ എംപിമാര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിഷേധം രേഖപ്പെടുത്തി. ”ത്രിപുരയില്‍ സംഘപരിവാര്‍ അക്രമബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാ അന്വേഷണ സംഘത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം അതിരൂക്ഷമായ ആക്രമണങ്ങളാണു പ്രതിപക്ഷ കക്ഷികള്‍ക്കുനേരെ ത്രിപുരയില്‍ അരങ്ങേറുന്നത്. പൊലീസ് നിഷ്‌ക്രിയത്വം മൂലം ക്രമസമാധാനം പാടേ തകര്‍ന്ന അവസ്ഥയാണ്. ത്രിപുരയിലെ സംഘപരിവാര്‍ തേര്‍വാഴ്ചയില്‍ പ്രതിഷേധിക്കാനും സംസ്ഥാനത്തെ നിയമവാഴ്ച പുനഃസ്ഥാപിക്കാനും രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണം” ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പിണറായി ആവശ്യപ്പെട്ടു.

 

Back to top button
error: