കൊച്ചി: ബ്രഹ്‌മപുരത്തെ മാലിന്യകൂമ്പാരത്തിലെ കനത്ത വിഷപ്പുക ശ്വസിച്ച 20 അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഛര്‍ദിയും ശ്വാസതടസ്സവും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ചികിത്സ തേടിയതെന്ന് ജില്ലാ ഫയര്‍ ഓഫിസര്‍ എം കെ സതീശന്‍ അറിയിച്ചു. വൈകിട്ടോടെ 80 ശതമാനം തീയും അണയ്ക്കാനാകും എന്നാണ് പ്രതീക്ഷ. വിഷപ്പുകയും കാറ്റുമാണ് തീയണയ്ക്കുന്നതിന് തടസ്സായി നില്‍ക്കുന്നത്. 25 യൂണിറ്റുകളിലായി 150 ഓളം ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബ്രഹ്‌മപുരം തീപടിത്തത്തില്‍ കൊച്ചി നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിഴ ചുമത്തി. 1.8 കോടി രൂപ കോര്‍പ്പറേഷന്‍ പിഴ അടയ്ക്കണമെന്നാണ് ഉത്തരവ്. നിയമപരമായ നടപടികള്‍ക്ക് ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ എ ബി പ്രദീപ് കുമാര്‍ പറഞ്ഞു. 15 ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.
പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചത് മൂലം വന്‍ പാരിസ്ഥിതിക ആഘാതമാണ് നഗരത്തിലുണ്ടായത്. പരിസ്ഥിതിക്കുണ്ടായ ആഘാതം മറ്റ് നഷ്ടങ്ങള്‍ എന്നിവ വിലയിരുത്തി കോര്‍പ്പറേഷന് വീണ്ടും പിഴ ചുമത്തുമെന്നും മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി. ബയോ മൈനിങ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ട സമയം കഴിഞ്ഞു. നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വന്ന വീഴ്ചയാണ് സ്ഥിതി ഗുരുതരമാക്കിയത്.
ഫയര്‍ ഹൈഡ്രന്റുകള്‍ പ്രവര്‍ത്തിച്ചിട്ടില്ല. ഐഐടി മദ്രാസുമായി ചേര്‍ന്ന് എയര്‍ പ്യൂരിഫയര്‍ സ്ഥാപിക്കുമെന്നും മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. വായുവിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഉദ്ദേശിച്ചാണ് ഈ സംവിധാനം. അതേസമയം, ബ്രഹ്‌മപുരത്ത് തീ അണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. പാലാരിവട്ടം, കലൂര്‍, വൈറ്റില എന്നിവിടങ്ങളിലെ അന്തരീക്ഷത്തില്‍ നിന്ന് പുക ഒരു പരിതിവരെ നീങ്ങിയിട്ടുണ്ട്.