KeralaNEWS

അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു; മോദിക്ക് പ്രതിപക്ഷത്തിന്റെ കത്ത്, വിട്ടുനിന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ അറസ്റ്റിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോരിനിടെ, കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ഒപ്പിട്ട കത്തില്‍നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നു.

നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് ഉദ്ധവ് താക്കറെ, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരാണ് കത്തില്‍ ഒപ്പുവച്ച മറ്റു നേതാക്കള്‍. ”ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമാണെന്ന് നിങ്ങള്‍ സമ്മതിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം, ജനാധിപത്യത്തില്‍ നിന്ന് സ്വേച്ഛാധിപത്യത്തിലേക്ക് മാറിയെന്ന് സൂചിപ്പിക്കുന്നതായി തോന്നുന്നു” കത്തില്‍ പറയുന്നു.

Signature-ad

”മനീഷ് സിസോദിയയെ ക്രമക്കേട് ആരോപിച്ച് ഒരു തെളിവുമില്ലാതെ സിബിഐ അറസ്റ്റ് ചെയ്തു. 2014 മുതല്‍ നിങ്ങളുടെ ഭരണത്തിന് കീഴിലുള്ള അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്യുകയോ റെയ്ഡ് നടത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്ത മൊത്തം രാഷ്ട്രീക്കാരില്‍ മിക്കവരും പ്രതിപക്ഷത്തു നിന്നുള്ളവരാണ്. ബിജെപിയില്‍ ചേരുന്ന പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കേസ് അന്വേഷണത്തില്‍ അന്വേഷണ ഏജന്‍സികള്‍ മന്ദഗതിയിലാണ്” കത്തില്‍ പറയുന്നു.

2014ലും 2015ലും ശാരദാ ചിട്ടിഫണ്ട് അഴിമതിക്കേസില്‍ സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും (ഇഡി) നിരീക്ഷണത്തിലായിരുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്നത് ചൂണ്ടിക്കാണ്ടിയാണ് പരാമര്‍ശം. ”ഹിമന്ത ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം കേസ് അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ സുവേന്ദു അധികാരിയും മുകുള്‍ റോയിയും നാരദ കേസില്‍ ഇഡിയുടെയും സിബിഐയുടെയും അന്വേഷണ നിഴലിലായിരുന്നു. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അവര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ ആ കേസ് അന്വേഷണത്തിലും പുരോഗതി ഉണ്ടായില്ല” കത്തില്‍ ചൂണ്ടിക്കാട്ടി.

”2014 മുതല്‍, പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നടത്തിയ റെയ്ഡുകളുടെയും കേസുകളുടെയും അറസ്റ്റിന്റെയും എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി. ലാലു പ്രസാദ് യാദവ് (രാഷ്ട്രീയ ജനതാദള്‍), സഞ്ജയ് റാവുത്ത് (ശിവസേന ഉദ്ധവ് താക്കറെ വിഭാഗം), അസം ഖാന്‍ (സമാജ്വാദി പാര്‍ട്ടി), നവാബ് മാലിക് (എന്‍സിപി), അനില്‍ ദേശ്മുഖ് (എന്‍സിപി), അഭിഷേക് ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്) എന്നിവരുള്‍പ്പെടെ അന്വേഷണ വിധേയരായി.

മിക്ക കേസുകളും അറസ്റ്റുകളും തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ്. അവ രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാണ്” പ്രതിപക്ഷ നേതാക്കള്‍ കത്തില്‍ പറയുന്നു. നാഷനല്‍ ഹെറള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു.

 

Back to top button
error: