കോഴിക്കോട്: ചികിത്സാപ്പിഴവ് ആരോപിച്ച് ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ ജില്ലയിലെ എല്ലാ ആശുപത്രികളിലും തിങ്കളാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചു. അത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ഭാരവാഹികള്‍ അറിയിച്ചു.
സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരോടും സമരത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രി സംരക്ഷണ നിയമത്തില്‍ ഭേദഗതി ഈ നിയമസഭാ കാലയളവില്‍ പാസാക്കണം. സ്ഥിരമായി ഡോക്ടര്‍മാരും ആശുപത്രികളും ആക്രമിക്കപ്പെടുന്നു. ഒരു വര്‍ഷം 80 കേസുകള്‍ വരെ സംഭവിക്കുന്നുവെന്നും ഐഎംഎ വ്യക്തമാക്കി.
സംഭവത്തെ അപലപിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ പി.കെ.അശോകനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ആറു പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.