CrimeNEWS

ജയില്‍ചാട്ടകേസ് വിചാരണയ്ക്ക് കോടതിയിലെത്തിച്ച കൊലക്കേസ് പ്രതി രക്ഷപ്പെട്ടു; മണിക്കൂറുകള്‍ക്കകം വീണ്ടും പിടികൂടി

തിരുവനന്തപുരം: വിചാരണയ്ക്കായി കോടതിയിലെത്തിച്ചപ്പോള്‍ രക്ഷപ്പെട്ടോടിയ വട്ടപ്പാറ ആര്യാ കൊലക്കേസ് പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ ഓടിച്ചിട്ട് പിടികൂടി പോലീസ്. കാട്ടാക്കട കോടതി വളപ്പില്‍ ഇന്നലെ രാവിലെയാണ് സംഭവം. വട്ടപ്പാറ സ്വദേശി ആര്യയെന്ന പത്താം ക്ലാസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് ചാടിപ്പോയ വീരണകാവ് മൊട്ടമൂല ചന്ദ്രാമൂഴി ക്രൈസ്റ്റ് ഭവനില്‍ രാജേഷ് ആണ് ഇന്നലെ കോടതി വളപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ജയില്‍ചാട്ട വിചാരണയ്ക്ക് ഇന്നലെ രാവിലെ 10.30ന് കാട്ടാക്കട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയിലെത്തിച്ചപ്പോഴായിരുന്നു സാഹസം.

കോടതി നടപടികള്‍ തുടങ്ങുന്നതിനിടെ മൂത്രമൊഴിക്കാനെന്ന പേരില്‍ വിലങ്ങ് അഴിപ്പിച്ച്, പോലീസുകാരെ കബളിപ്പിച്ച് കടക്കുകയായിരുന്നു. കഞ്ചിയൂര്‍ക്കോണം വഴി ഓടിയ പ്രതി അഞ്ചു തെങ്ങിന്‍മൂട് കള്ളുഷാപ്പിനടുത്ത് പണി നിലച്ച് കാടുമൂടിയ കെട്ടിടത്തില്‍ കയറിയൊളിച്ചു. പോലീസ് സംഘം ഇതിന്റെ പരിസരത്ത് തെരയുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് രാജേഷ് വീണ്ടും പിടിയിലായത്.

Signature-ad

2020 ല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് നെട്ടുകാല്‍ത്തേരി ഓപ്പണ്‍ ജയിലിലേക്ക് കൊണ്ടുവന്ന രാജേഷ് അവിടെ നിന്നും സഹതടവുകാരനൊപ്പം രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കൊപ്പം തടവുചാടിയ ശ്രീനിവാസനെ ദിവസങ്ങള്‍ക്കകം പോലീസ് പിടികൂടിയെങ്കും രാജേഷിനെ പിടികൂടാനായിരുന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് ടാപ്പിംഗ് തൊഴിലാളിയായി ഉടുപ്പില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രാജേഷിനെ പോലീസ് പിടികൂടുകയായിരുന്നു. ശ്രീനിവാസനെയും രാജേഷിനൊപ്പം ഇന്നലെ കാട്ടാക്കട കോടതിയിലെത്തിച്ചിരുന്നു.

 

 

Back to top button
error: