ജെറുസലേം: വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ പത്ത് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 102 പേര്‍ക്ക് പരുക്കേറ്റു. നബ്ലുസ് നഗത്തിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. പരുക്കേറ്റവരില്‍ ആറുപേര്‍ ഗുരുതരാവസ്ഥയിലാണെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചിലാണ് നടന്നതെന്നാണ് ഇസ്രയേല്‍ വിശദീകരണം. ഇസ്രയേല്‍ സേനയ്ക്ക് നേരെ പ്രദേശവാസികള്‍ കല്ലേറ് നടത്തി. തിരക്കേറിയ മാര്‍ക്കറ്റിന് സമീപമാണ് ആക്രമണം നടന്നത്. മേഖലയെ വീണ്ടും സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയാണ് ഇസ്രയേല്‍ ചെയ്യുന്നതെന്ന് പലസ്തീന്‍ പ്രസിഡന്റിന്റെ വക്താവ് കുറ്റപ്പെടുത്തി.
വിഷയത്തില്‍ പ്രതികരണവുമായി ഹമാസും രംഗത്തെത്തി. വെസ്റ്റ് ബാങ്കിലെ ജനങ്ങള്‍ക്കെതിരെ ശത്രുക്കള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ക്ഷമ നശിച്ചുകൊണ്ടിരിക്കുന്നുവെന്നും ഹമാസ് പ്രതികരിച്ചു.
കഴിഞ്ഞദിവസം ജെനിന്‍ നഗരത്തിലും ഇസ്രയേല്‍ ആക്രമണം നടന്നിരുന്നു. ഈവര്‍ഷം മാത്രം ഇസ്രയേല്‍ ആക്രമണത്തില്‍ 50 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. തിരിച്ചടിയില്‍ 11 ഇസ്രയേലുകാരും കൊല്ലപ്പെട്ടു.