പത്തനംതിട്ട: കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡിൽ അനധികൃത നിയമനം നടന്നതായി കണ്ടെത്തൽ. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറുടെ പരിശോധനയിലാണ് 16 പേർക്ക് പിൻവാതിൽ നിയമനം നൽകിയതായി കണ്ടെത്തിയത്. നിയമ വിരുദ്ധമായ നിയമനം റദ്ദാക്കണമെന്ന് എംപ്ലോയ്മെന്റ് ഓഫീസർ നിർദേശം നൽകിയിട്ടും ബോർഡ് നടപടി എടുത്തിട്ടില്ല.
എംപ്ലോയ്മെന്റ് ഓഫീസറുടെ നേതൃത്വത്തിൽ എംപ്ലോയ്മെന്റ് മാർക്കറ്റ് ഇൻഫർമേഷനാണ് ക്ഷേമ നിധി ഓഫീസിൽ പരിശോധന നടത്തിയത്. ഈ പരിശോധനയുടെ റിപ്പോർട്ടിലാണ് നിയമ ലംഘനങ്ങളുടെ വിവരങ്ങൾ പുറത്ത് വന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ നടന്ന നിയമനങ്ങളിലാണ് വ്യാപക ക്രമക്കേട്. 2016 മുതൽ ഓഫീസിൽ ജോലി ചെയ്യുന്ന 9 ക്ലർക്ക്, 4 ഡാറ്റ എൻട്രി ഓപ്പറേറ്റർ, 2 ഓഫീസ് അറ്ററ്റന്റ് ഒരു പാർട് ടൈം സ്വീപ്പർ എന്നിങ്ങനെ 16 പേർക്ക് നിയമന ഉത്തരവ് പോലും നൽകിയിട്ടില്ല.
ഫോണിൽകൂടി മാത്രമാണ് ഇവർക്ക് നിയമന സന്ദേശം നൽകിയിരിക്കുന്നത്. പലർക്കും മതിയായ വിദ്യാഭ്യാസ യോഗ്യത പോലുമില്ലെന്നും എംപ്ലോയ്മെന്റ് ഓഫീസറുടെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് പരിശോധന നടന്നത്. പരിശോധനയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ അതിവേഗത്തിൽ ഇവരെ പിരിച്ചുവിടാനായിരുന്നു എംപ്ലൊയ്മെന്റ് ഓഫീസർ ക്ഷേമനിധി ഓഫിസ് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസറോട് ആവശ്യപ്പെട്ടത്. പകരം ജീവനക്കാരെ എംപ്ലോയ്മെന്റ് എക്സെചേഞ്ച് വഴി നിയമിക്കാനും നിർദേശം നൽകി. പക്ഷെ ഒന്നും നടന്നില്ല. ആയിരക്കണക്കിന് ചെറുപ്പക്കാർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് ജോലിക്കായി കാത്തിരിക്കുമ്പോഴാണ് ഈ രീതിയിലുള്ള ചട്ട വിരുദ്ധ പ്രവർത്തനങ്ങൾ.