ദുബായ്: നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയെ കുത്തിപ്പരുക്കേല്‍പിച്ച യുവാവിന് 1000 ചതുരശ്ര മീറ്റര്‍(ഏകദേശം 24.7 സെന്റ്) കൃഷിയിടം പാരിതോഷികമായി പ്രഖ്യാപിച്ച് ഇറാനിയന്‍ സംഘടന. ആക്രമണത്തില്‍ റുഷ്ദിക്ക് ഒരു കണ്ണ് നഷ്ടമാവുകയും ഒരു കൈയുടെ ചലന ശേഷി നഷ്ടമാവുകയും ചെയ്തിരുന്നു. റുഷ്ദിയെ ഇത്തരത്തില്‍ പരുക്കേല്‍പ്പിച്ച അമേരിക്കന്‍ യുവാവിന്റെ ധീരമായ നടപടിക്ക് ആത്മാര്‍ഥമായി നന്ദി പറയുന്നെന്ന് ഇമാം ഖമയേനിയുടെ ഫത്വകള്‍ നടപ്പിലാക്കുന്നതിനുള്ള ഫൗണ്ടേഷന്റെ സെക്രട്ടറി മുഹമ്മദ് എസ്മയില്‍ സറേയ് പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റില്‍ ന്യൂയോര്‍ക്കില്‍നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള ഷുറ്റോക്വാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷണത്തിനിടെയാണ് ന്യൂ ജഴ്‌സിയില്‍നിന്നുള്ള ഹാദി മറ്റാര്‍ എന്ന 24കാരന്‍ റുഷ്ദിയെ ആക്രമിച്ചത്. റുഷ്ദി ഇരിക്കുന്ന വേദിയിലേക്ക് ചാടിക്കയറിയ അക്രമി അദ്ദേഹത്തെ തുടരെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ റുഷ്ദിക്ക് ഒരു കണ്ണിന്റെ കാഴ്ചയും ഒരു െകെയുടെ ചലനശേഷിയും നഷ്ടപ്പെട്ടിരുന്നു.
”റുഷ്ദിയുടെ ഒരു കണ്ണ് നഷ്ടമാക്കുകയും ഒരു കൈ പ്രവർത്തന രഹിതമാക്കുകയും ചെയ്ത അമേരിക്കന്‍ യുവാവിന്റെ ധീരമായ നടപടിക്ക് ഞങ്ങള്‍ ആത്മാര്‍ഥമായി നന്ദി പറയുന്നു. റുഷ്ദി ഇപ്പോള്‍ മരിച്ചതു പോലെയാണു ജീവിക്കുന്നത്. ഈ ധീരമായ നടപടിക്ക് പകരമായി അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ പ്രതിനിധികള്‍ക്കോ 1000 ചതുരശ്ര മീറ്റര്‍ കൃഷിഭൂമി പാരിതോഷികമായി നല്‍കും”- ഫൗണ്ടേഷന്‍ സെക്രട്ടറി മുഹമ്മദ് ഇസ്മായില്‍ സറേയ് പറഞ്ഞു.
1988-ല്‍ പ്രസിദ്ധീകരിച്ച ‘ദ സാത്താനിക് വേഴ്‌സസാ’ണ് റുഷ്ദിയുടെ വിവാദ കൃതി. പ്രവാചക നിന്ദയാരോപിച്ച് ഇന്ത്യയടക്കം പലരാജ്യങ്ങളും നിരോധിച്ച പുസ്തകമാണിത്. ഇത് പ്രസിദ്ധീകരിച്ചശേഷം അദ്ദേഹത്തിന് ഒളിവില്‍ പോകേണ്ടിവന്നു. തുടര്‍ച്ചയായി വധഭീഷണി ഉയര്‍ന്നു. മതനിന്ദ ആരോപിച്ച് പുസ്തകം നിരോധിച്ച ഇറാന്റെ ആത്മീയ നേതാവ് ആയത്തുല്ല ഖമയേനി, റുഷ്ദിയെ വധിക്കുന്നവര്‍ക്ക് 30 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.