IndiaNEWS

പ്രവര്‍ത്തക സമിതിയില്‍ തരൂര്‍ ഉള്‍പ്പെടാനുള്ള സാധ്യത മങ്ങി; ബി.ജെ.പിക്കെതിരേ ഐക്യനിര

ന്യൂഡല്‍ഹി: റായ്പുര്‍ പ്ലീനറി സമ്മേളനത്തില്‍ ശശി തരൂര്‍ എം.പി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗമാവാനുള്ള സാധ്യത മങ്ങി. നേതൃത്വത്തിന്റെ അസംതൃപ്തിയാണു കാരണം. നാഗാലാന്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന തരൂര്‍ അവിടെനിന്നാകും റായ്പുരില്‍ എത്തുക. അതേസമയം, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുകക്ഷികളടക്കമുള്ള പാര്‍ട്ടികളെ ഒരു കുടക്കീഴിലാക്കി ബി.ജെ.പിക്കെതിരേ ഐക്യനിര രൂപീകരിക്കാന്‍ കോണ്‍ഗ്രസ് മുന്‍കയ്യെടുക്കണമെന്നു പ്ലീനറി സമ്മേളനത്തിനുള്ള കരടുരാഷ്ട്രീയ പ്രമേയം നിര്‍ദേശിച്ചു.

ഒരു തവണ കൂടി ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ജനാധിപത്യത്തിന്റെയും കോണ്‍ഗ്രസിന്റെയും തകര്‍ച്ചയ്ക്ക് അതു വഴിവയ്ക്കുമെന്ന ആശങ്ക പ്രമേയ രൂപീകരണയോഗത്തില്‍ നേതാക്കള്‍ പങ്കുവച്ചു. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ വേട്ടയാടലിന് ഉപയോഗിക്കുന്നതും പ്രമേയത്തില്‍ മുഖ്യ പരാമര്‍ശവിഷയമാകും. വീരപ്പ മൊയ്ലി അധ്യക്ഷനായ സമിതിയാണു കരടുപ്രമേയം തയാറാക്കിയത്. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കാനുള്ള ശ്രമം വിജയം കാണില്ലെന്നും പാര്‍ട്ടി വിലയിരുത്തി.

Signature-ad

തെരഞ്ഞെടുപ്പിനു മുന്‍പും ശേഷവുമുള്ള സഖ്യസാധ്യതകള്‍ പരിഗണിക്കണം. എന്നാല്‍ പ്ലീനറി സമ്മേളനം നടക്കുന്ന ദിവസംതന്നെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തെ അസ്വസ്ഥരാക്കുന്നുണ്ട്. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ ഇഡി നടപടി രാഷ്ട്രീയപ്രമേയം എടുത്തുപറയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ വേട്ടയാടല്‍ തുറന്നുകാട്ടും. ഭാരത് ജോഡോ യാത്രയുടെ വിജയം രാഷ്ട്രീയ നേട്ടമാക്കാനാവണം. യുവജന സംഘടനകളെ ശക്തിപ്പെടുത്തണമെന്നും പ്രമേയം നിര്‍ദേശിക്കുന്നു.

 

Back to top button
error: