കോട്ടയം: പാലായിൽ കേരളാ കോൺഗ്രസ്- സി.പി.എം. ബന്ധം വീണ്ടും ഉലയുന്നു. കേരള കോണ്ഗ്രസ് എമ്മിനെതിരെ പാലാ നഗരസഭ അധ്യക്ഷ ജോസിൻ ബിനോ രംഗത്തെത്തിയതാണ് പുതിയ സംഭവ വികാസം. കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ ജോസ് കെ. മാണിക്കെതിരേയും പരിഹാസമുയർത്തിയാണ് സിപിഎം പ്രതിനിധിയായ ജോസിന്റെ വിമർശനം. നിർമാണം പൂർത്തിയാക്കാത്ത ശ്മശാനം ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തതിനെതിരേ കഴിഞ്ഞദിവസം ജോസിൻ ബിനോ ജനങ്ങളോട് മാപ്പു പറഞ്ഞിരുന്നു. ഇത് പിൻവലിച്ച് ഖേദം രേഖപ്പെടുത്തണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം ബാലിശവും അപഹാസ്യവുമെന്ന് ജോസിൻ ബിനോ പറഞ്ഞു.
ജോസിൻ ബിനോയുടെ പരാമർശങ്ങൾക്കെതിരെ കേരള കോൺഗ്രസ് (എം) ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് ജോസിൻ ബിനോയുടെ പുതിയ പ്രതികരണം. കേരള കോൺഗ്രസ് എമ്മിലെ ആന്റോ പടിഞ്ഞാറേക്കര ചെയർമാനായിരിക്കെ ഡിസംബറിലാണ് ജോസ് കെ. മാണി ശ്മാശാനം ഉദ്ഘാടനം ചെയ്തത്.
പണിതീരാത്ത ശ്മശാനം ആഘോഷമായി ഉദ്ഘാടനം നടത്തിയതിൽ താനുൾപ്പെടെയുള്ള കൗൺസിലർമാർക്ക് പങ്കുണ്ടെന്നും ഇക്കാര്യത്തിൽ പൊതുജനങ്ങളോട് മാപ്പു ചോദിക്കുന്നതായും ജോസിൻ ബിനോ പറഞ്ഞിരുന്നു. ഇതിൽ ചെയര്പേഴ്സൻ മുന്നണിയോട് മാപ്പ് പറയണമെന്നായിരുന്നു കേരളാ കോൺഗ്രസിന്റെ ആവശ്യം. ഇത് തള്ളിയാണ് നഗരസഭ അധ്യക്ഷ ജോസിൻ രംഗത്തെത്തിയത്.