IndiaNEWS

ചെളി വാരിയേറിനൊടുവില്‍ രൂപയ്ക്കും രോഹിണിക്കും സ്ഥലം മാറ്റം, പുതിയ നിയമനമില്ല

ബംഗളൂരു: കര്‍ണാടകയില്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം ചളിവാരിയെറിഞ്ഞ ഐഎഎസ് – ഐപിഎസ് വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് സര്‍ക്കാര്‍. കരകൗശല വികസന കോര്‍പറേഷന്‍ എംഡി ഡി.രൂപയെയും ദേവസ്വം കമ്മിഷണര്‍ രോഹിണി സിന്ധൂരിയെയും മറ്റു ചുമതലകള്‍ നല്‍കാതെ സ്ഥലം മാറ്റി. ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും നടപടിയെടുക്കാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി രൂപയും രോഹിണിയും തമ്മിലുള്ള പോര് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. രൂപയുടെ ഭര്‍ത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായ മുനീഷ് മോഡ്ഗിലിനെ പബ്ലിസിറ്റി വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.

ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഐപിഎസ് ഓഫീസര്‍ ഡി.രൂപ ഫെയ്സ്ബുക്കിലൂടെയാണ് പുറത്തുവിട്ടതാണ് വിവാദം രൂക്ഷമാക്കിയത്. ആരോപണങ്ങള്‍ തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര മുന്നറിയിപ്പു നല്‍കിയിട്ടും ഇരുവരും തമ്മില്‍ സമൂഹമാധ്യമങ്ങളിലെ പോര് ഇന്നലെയും തുടര്‍ന്നു. പുരുഷ ഐഎഎസ് ഉദ്യോഗസ്ഥന്റെ വാട്സാപില്‍ പങ്കുവച്ച സ്വന്തം ചിത്രങ്ങള്‍ രോഹിണി ഡിലീറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് രൂപ വീണ്ടും പങ്കുവച്ചു. രൂപയുമായി തൊഴില്‍പരമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ മാന്യത കാട്ടേണ്ടതുണ്ടെന്നും രോഹിണി തിരിച്ചടിച്ചു.

Signature-ad

പുരുഷ ഐഎഎസ് ഓഫിസര്‍മാര്‍ക്കു രോഹിണി അയച്ച ചിത്രങ്ങളാണെന്ന അവകാശവാദത്തോടെയാണ് രൂപ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. തന്റെ വാട്സാപ് സ്റ്റാറ്റസില്‍ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണു വ്യക്തിഹത്യ ചെയ്യാന്‍ രൂപ പോസ്റ്റ് ചെയ്തതെന്നും നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പറഞ്ഞു. രൂപയ്ക്ക് മാനസിക രോഗമാണെന്നും രോഹിണി ആരോപിച്ചു. ”മാനസിക രോഗം ഒരു വലിയ പ്രശ്‌നമാണ്, അതു മരുന്നും കൗണ്‍സിലിങ്ങും വഴിയാണ് പരിഹരിക്കേണ്ടത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവരെ ഇതു ബാധിക്കുമ്പോള്‍ അതു കൂടുതല്‍ അപകടകരമാകും. രൂപ ഐപിഎസ് എനിക്കെതിരെ തെറ്റായ, വ്യക്തിപരമായ അധിക്ഷേപ പ്രചാരണങ്ങള്‍ നടത്തുകയാണ്. അത് അവരുടെ സംസ്‌കാരമാണ്.” രോഹിണി പറഞ്ഞു.

മൈസൂരു കെആര്‍ നഗറില്‍ നിന്നുള്ള ദള്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ സ.ര മഹേഷിന്റെ സ.ര കണ്‍വന്‍ഷന്‍ ഹാള്‍ മഴവെള്ളക്കനാല്‍ കയ്യേറി നിര്‍മിച്ചതാണെന്നു മൈസൂരു കലക്ടറായിരിക്കെ 2021ല്‍ രോഹിണി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ മഹേഷ് നല്‍കിയ ഒരു കോടി രൂപയുടെ അപകീര്‍ത്തിക്കേസ് നിലവിലുണ്ട്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ രോഹിണി മഹേഷിനെ കണ്ടു ചര്‍ച്ച നടത്തിയെന്ന ആരോപണത്തിനിടെയാണു ചിത്രങ്ങള്‍ പുറത്തുവന്നത്. കോവിഡ് കാലത്തു ചാമരാജ്പേട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഓക്സിജന്‍ കിട്ടാതെ 24 പേര്‍ മരിക്കാനിടയായ സംഭവത്തില്‍, മൈസൂരു കലക്ടറെന്ന നിലയില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്നതില്‍ രോഹിണി കൃത്യവിലോപം കാട്ടിയെന്നും രൂപ ആരോപിച്ചു.

പ്രിസണ്‍സ് ഡിഐജിയായിരിക്കെ ഡി.രൂപ നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നു ജയില്‍ അഴിമതികളില്‍ സര്‍ക്കാര്‍ കര്‍ശനനടപടി സ്വീകരിച്ചിരുന്നു. അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്ക്കു പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കൈക്കൂലി വാങ്ങി വിഐപി പരിഗണന ഒരുക്കിയെന്ന സംഭവം പുറത്തുവന്നതും ഈ റിപ്പോര്‍ട്ടിലൂടെ ആയിരുന്നു.

 

 

Back to top button
error: