ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റലില്‍ മലയാളിവിദ്യാര്‍ഥിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതില്‍ വ്യാപകപ്രതിഷേധം. നവിമുംബൈ നെഹ്രു സ്ട്രീറ്റില്‍ സണ്ണിയുടെ മകന്‍ സ്റ്റീവന്‍ സണ്ണി ആലപ്പാട്ടിനെയാണ് (25) ഞായറാഴ്ച കാമ്പസിനുള്ളിലുള്ള ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അമ്പതുവര്‍ഷംമുമ്പ് മുംബൈയില്‍ സ്ഥിരതാമസമാക്കിയവരാണ് സ്റ്റീവന്റെ കുടുംബം.
സ്റ്റീവന്‍ മരിച്ചവിവരം തിങ്കളാഴ്ച വൈകിയാണ് ഐ.ഐ.ടി അധികൃതര്‍ പുറത്തുവിട്ടത്. ഇതിനിടെ 18 വയസ്സുകാരനായ മറ്റൊരു വിദ്യാര്‍ഥിയെ അമിതമായി ഉറക്കഗുളിക കഴിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുസംഭവങ്ങളിലും അധികൃതര്‍ക്കെതിരേ അന്വേഷണമാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു.
സ്റ്റീവന്‍ മരിച്ചത് ഒരുദിവസത്തില്‍ കൂടുതല്‍ രഹസ്യമായിവെച്ചതില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച രാത്രിയില്‍ കാമ്പസിനുള്ളില്‍ വിദ്യാര്‍ഥികള്‍ സമരമാരംഭിച്ചത്. മരണം സംഭവിച്ചിട്ടും സഹപാഠികളെ അറിയിക്കാതിരുന്നത് അധികൃതരുടെ ഭാഗത്തെ വലിയ പിഴവാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. മദ്രാസ് ഐ.ഐ.ടിയില്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ 12 വിദ്യാര്‍ഥികള്‍ ആത്മഹത്യചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ ഗൗരവമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
വിശദ അന്വേഷണം നടത്തുമെന്ന ഐ.ഐ.ടി. ഡയറക്ടറുടെ ഉറപ്പിനെത്തുടര്‍ന്ന്, ഏഴുമണിക്കൂറോളംനീണ്ട സമരം വിദ്യാര്‍ഥികള്‍ അവസാനിപ്പിച്ചു. മദ്രാസ് ഐ.ഐ.ടി. വിദ്യാര്‍ഥിയായിരുന്ന കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫിനെ 2019 നവംബറില്‍ ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കുടുംബം ദുരൂഹത ആരോപിച്ചെങ്കിലും ആത്മഹത്യയാണെന്നും മാര്‍ക്കുകുറഞ്ഞതാണ് കാരണമെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. ഇതിനെതിരേ കുടുംബം നിയമപോരാട്ടത്തിലാണ്.