തൃശൂര്‍: വീട്ടില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച നാടോടിസംഘത്തെ കൈയോടെ പിടികൂടി വീട്ടുകാര്‍. ഒല്ലൂരുള്ള ശ്രീഭവന്‍ ഹോട്ടലിന്റെ ഉടമ ഗോപാലകൃഷ്ണന്റെ വീട്ടിലാണ് നാടോടിസംഘം അതിക്രമിച്ച് കടന്നത്. പുറത്ത് ശബ്ദം കേട്ട് വീട്ടുകാര്‍ ഇറങ്ങിനോക്കുമ്പോഴാണ് പറമ്പിന്റെ പല ഭാഗത്തായി നാടോടി സ്ത്രീകളെ കണ്ടത്. ഗര്‍ഭിണിയും കൈക്കുഞ്ഞും അടക്കം എട്ട് പേരാണ് സംഘത്തിലുണ്ടായിരുന്നത്.
ഇന്നലെ ഉച്ചയ്ക്ക് ഗോപാലകൃഷ്ണനും ഭാര്യയും അമ്മയും വീട്ടിലുണ്ടായിരുന്ന സമയത്താണ് സംഭവം. ”കുറച്ച് നാടോടി സ്ത്രീകള്‍ കറങ്ങിനടക്കുന്നുണ്ട് സൂക്ഷിക്കണമെന്ന് ഒരു ബന്ധു വിളിച്ച് പറഞ്ഞു. പിന്നാലെ ഭാര്യ വീടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് മുറ്റത്ത് രണ്ടുപേരെ കണ്ടത്. ഇവര്‍ ഭക്ഷണവും വെള്ളവുമൊക്കെ ആവശ്യപ്പെട്ടു. ഭാര്യയെയും അമ്മയെയും വീടിന് പുറത്തിറക്കാതിരിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്റെ മുറിയുടെ പുറത്ത് തമിഴ് സംസാരം കേട്ട് ഞാന്‍ ഇറങ്ങി വന്നപ്പോഴാണ് പറമ്പിന്റെ പല ഭാഗങ്ങളിലായി ഇവര്‍ നില്‍ക്കുന്നത് കാണുന്നത്. പോകാന്‍ പറഞ്ഞിട്ടും ചുറ്റിത്തിരിഞ്ഞ് നില്‍ക്കുകയായിരുന്നു ഇവര്‍. ഒടുവില്‍ വോക്കിങ് സ്റ്റിക്ക് ഉയര്‍ത്തി പേടിപ്പിച്ചപ്പോഴാണ് പോയത്. എല്ലാവരെയും ഇറക്കിവിട്ട് ഗയിറ്റ് അടച്ചതിന് ശേഷം മടങ്ങിവന്ന് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സാധനങ്ങള്‍ എടുത്തുകൊണ്ട് പോയതൊക്കെ കണ്ടത്” -ഗോപാലകൃഷ്ണന് പറഞ്ഞു.
വീടിന്റെ പിന്‍വശത്ത് പഴയ പാത്രങ്ങളൊക്കെ സൂക്ഷിക്കുന്ന മുറിയില്‍ നിന്നാണ് മോഷണം നടന്നത്. സംഭവം നടന്നയുടന്‍ ഗോപാലകൃഷ്ണന് ഒല്ലൂര്‍ സ്റ്റേഷനില്‍ വിളിച്ച് വിവരമറിയിച്ചു. സംഘത്തിലെ അഞ്ച് പേര് ബസ് കയറി തൃശ്ശൂരിലേക്ക് പോയി. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ വേറെ വഴി തിരിഞ്ഞു പോയെന്നും അദ്ദേഹം പറഞ്ഞു.