KeralaNEWS

ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി കേരളത്തില്‍; പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ നോട്ടീസ്

കോഴിക്കോട്: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം സ്വന്തം മണ്ഡലത്തില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വീകരണം. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, താരിഖ് അന്‍വര്‍, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ തുടങ്ങി ഒട്ടേറെ നേതാക്കള്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു.

വിമാനത്താവളം മുതല്‍ ന്യൂമാന്‍ ജംക്ഷന്‍വരെയുള്ളഭാഗത്തു തുറന്ന വാഹനത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ യാത്ര. തുടര്‍ന്ന് കല്‍പ്പറ്റയിലേക്ക് തിരിച്ചു. വയനാട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം തിങ്കളാഴ്ച രാത്രി ഡല്‍ഹിക്ക് മടങ്ങും.

Signature-ad

അതിനിടെ, പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്. പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി, ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ എന്നിവര്‍ രാഹുലിനെതിരേ അവകാശ ലംഘനത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചത്. പ്രധാനമന്ത്രിക്കെതിരേ സഭയില്‍ കള്ളം പറഞ്ഞുവെന്നായിരുന്നു പരാതി. ബുധനാഴ്ചക്കകം മറുപടി നല്‍കാനാണ് നോട്ടീസിലെ നിര്‍ദേശം.

രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അദാനിയുമായുള്ള ബന്ധത്തെ സൂചിപ്പിച്ചു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. എന്നാല്‍ ഇത് തെറ്റിദ്ധാരണ പരത്തുന്നതും ആക്ഷേപകരവുമാണ് എന്നാരോപിച്ച് ബി.ജെ.പി. രംഗത്തെത്തുകയും പരാതി നല്‍കുകയുമായിരുന്നു.

Back to top button
error: