ന്യൂയോര്‍ക്ക്: ഗൂഗിളിനും ഡെല്ലിനും പിന്നാലെ മാധ്യമ-വിനോദ കമ്പനിയായ ഡിസ്‌നിയിലും കൂട്ടപ്പിരിച്ചുവിടല്‍. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ഏകദേശം 7000 ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. അതേസമയം കമ്പനിയുടെ ചില ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പുനസംഘടിപ്പിക്കാനും ജോലികള്‍ വെട്ടിക്കുറയ്ക്കാനും അധികൃതര്‍ പദ്ധതിയിടുന്നുണ്ട്. സാമ്പത്തിക മാന്ദ്യ സാധ്യത കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇക്കഴിഞ്ഞ നവംബറിലാണ് കമ്പനിയുടെ സിഇഒ ആയി റോബര്‍ട്ട് ഇഗര്‍ സ്ഥാനമേറ്റത്. തൊട്ടുപിന്നാലെയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി തൊഴിലാളികളെ പിരിച്ചുവിടാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടത്.
അതേസമയം കമ്പനിയുടെ ത്രൈമാസ വരുമാനം സംബന്ധിച്ച് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഡിസ്‌നിയുടെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ട്രീമിംഗ് പ്ലാറ്റ് ഫോമായ ഡിസ്‌നി പ്ലസ്സിന് യുഎസിലും കാനഡയിലുമായി 200,000 സബ്‌സ്‌ക്രൈബേഴ്‌സ് മാത്രമാണുള്ളത്. മൊത്തം 46.6 ബില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ആണ് ഇപ്പോള്‍ ഉള്ളത്. ഇത് ആശങ്കപ്പെടുത്തുന്ന കണക്കാണെന്നാണ് കമ്പനിയുടെ നിഗമനം. ആഗോള തലത്തില്‍, ഹോട്ട്സ്റ്റാര്‍ ഒഴികെയുള്ള സ്ട്രീമിംഗ് സേവനത്തില്‍ 1.2 ദശലക്ഷം പേരുടെ വര്‍ധനവ് കമ്പനിയ്ക്ക് ഉണ്ടായിട്ടുണ്ട്. അതേസമയം കമ്പനിയുടെ മറ്റ് പ്ലാറ്റ്‌ഫോമുകളായ Hulu , ESPN Plus എന്നിവയില്‍ വളര്‍ച്ച വര്‍ധിച്ചിട്ടുണ്ട്. ഇവയിലെ വരിക്കാരുടെ എണ്ണം യഥാക്രമം 800000, 600000 എന്നീ രീതിയിലാണ് വര്‍ധനവുണ്ടായിരിക്കുന്നത്. തുടര്‍ന്നാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത് സംബന്ധിച്ച തീരുമാനം കമ്പനി സിഇഒയായ റോബര്‍ട്ട് ഇഗര്‍ പുറപ്പെടുവിച്ചത്.
അതേസമയം ഏതൊക്കെ ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ് പിരിച്ചുവിടല്‍ കാര്യമായി ബാധിക്കുക എന്ന കാര്യം ഇഗര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കമ്പനിയില്‍ കാര്യമായ രീതിയില്‍ പുനസംഘടന നടത്തുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. മൊത്തം കമ്പനിയെ മൂന്ന് ഡിവിഷനുകളാക്കി തിരിക്കും. ഡിസ്‌നി എന്റര്‍ടെയ്ന്‍മെന്റ്, ഇഎസ്പിഎന്‍ ഡിവിഷന്‍ ആന്റ് പാര്‍ക്‌സ്, എക്‌സ്പീരിയന്‍സ് ആന്റ് പ്രോഡക്ട്സ് യൂണിറ്റ്‌സ് എന്ന രീതിയില്‍ മൂന്നായി തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കമ്പനിയിലെ 6,650ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രമുഖ കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെൽ ടെക്നോളജീസ് വ്യക്തമാക്കിയിരുന്നു. ലോകമെമ്പാടുമുള്ള തങ്ങളുടെ അഞ്ചു ശതമാനത്തോളം ജീവനക്കാരെയാകും പിരിച്ചുവിടൽ ബാധിക്കുകയെന്ന് കമ്പനി അറിയിച്ചു. ചില വിപണി സാഹചര്യങ്ങളെ നേരിടാനാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് കമ്പനിയുടെ കോ-ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെഫ് ക്ലാർക്ക് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് നിരവധി വൻകിട ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള തങ്ങളുടെ ജീവനക്കാരിൽ 12,000 പേരെ പിരിച്ചുവിടുമെന്ന് ടെക് ഭീമനായ ഗൂഗിളും അടുത്തിടെ അറിയിച്ചിരുന്നു.