ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത ദമ്പതിമാര്‍ അറസ്റ്റില്‍. ഗുരുഗ്രാമിലെ ന്യൂ കോളനിയില്‍ താമസിക്കുന്ന മനീഷ് ഖട്ടാര്‍, കമല്‍ജിത് കൗര്‍ എന്നിവരെയാണ് ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തത്. ക്രൂരമര്‍ദനത്തിനിരയായ പെണ്‍കുട്ടിയെ ഇവരുടെ വീട്ടില്‍നിന്ന് പോലീസ് മോചിപ്പിച്ചു. ദേഹമാസകലം പരിക്കേറ്റ പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഝാര്‍ഖണ്ഡ് സ്വദേശിയായ 13 വയസുകാരിയെയാണ് ദമ്പതിമാര്‍ വീട്ടുജോലിക്കാരിയായി നിര്‍ത്തിയത്. എന്നാല്‍, കൃത്യമായി ഭക്ഷണംപോലും നല്‍കാതെ ഇരുവരും പെണ്‍കുട്ടിയെ നിരന്തരം ഉപദ്രവിക്കുകയായിരുന്നു. മര്‍ദനമേറ്റ് പെണ്‍കുട്ടിയുടെ നെറ്റിയിലും ചുണ്ടുകളിലും കവിളുകളിലും കൈകാലുകളിലും പരുക്കുണ്ട്.
ദിപീക നാരായണ്‍ ദരദ്വാജ് എന്ന ആക്ടിവിസ്റ്റാണ് പെണ്‍കുട്ടി നേരിടുന്ന ക്രൂരത ആദ്യം ട്വിറ്ററില്‍ പങ്കുവെച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട സന്നദ്ധസംഘടന വിവരം പോലീസില്‍ അറിയിക്കുകയും തുടര്‍ന്ന് പോലീസ് ദമ്പതിമാരുടെ വീട്ടിലെത്തി പെണ്‍കുട്ടിയെ മോചിപ്പിക്കുകയുമായിരുന്നു.
സ്വകാര്യ കമ്പനികളിലെ ജീവനക്കാരായ ദമ്പതിമാര്‍ മൂന്നുവയസുള്ള മകളെ പരിചരിക്കാനും വീട്ടുജോലിക്കുമായി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരുഏജന്‍സി വഴിയാണ് പെണ്‍കുട്ടിയെ കൊണ്ടുവന്നത്. എന്നാല്‍, ശരിയായി ജോലിചെയ്യുന്നില്ലെന്ന് പറഞ്ഞ് ഇരുവരും പെണ്‍കുട്ടിയെ നിരന്തരം ഉപദ്രവിക്കുകയായിരുന്നു. ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ചും മര്‍ദിച്ചു. മാത്രമല്ല, ദിവസങ്ങളോളം പെണ്‍കുട്ടിയെ പട്ടിണിക്കിട്ടതായും പരാതിയുണ്ട്. മിക്കദിവസങ്ങളിലും ബാക്കിവന്ന് ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച ഭക്ഷണമാണ് പെണ്‍കുട്ടി കഴിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അറസ്റ്റിലായ ദമ്പതിമാര്‍ക്കെതിരേ പോക്സോ, ജുവനൈല്‍ വകുപ്പുകളടക്കം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും ലൈംഗികാതിക്രമത്തിന് ഇരയായോ എന്നതടക്കം പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.
അതിനിടെ, സാമൂഹിക മാധ്യമങ്ങളില്‍ സംഭവം ചര്‍ച്ചയായതോടെ നിരവധിപേരാണ് ദമ്പതിമാര്‍ക്കെതിരേ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. പെണ്‍കുട്ടിയെ അതിക്രൂരമായി ഉപദ്രവിച്ച ദമ്പതിമാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നായിരുന്നു ഏവരുടെയും ആവശ്യം. ദേഹമാസകലം മുറിവേറ്റ പെണ്‍കുട്ടിയുടെ ചിത്രങ്ങളും പലരും ഏറെ സങ്കടത്തോടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.