LocalNEWS

കണ്ണൂരിലെ പുഷ്‌പോത്സവം സന്ദർശകർക്കു വസന്തമായി, ‘നിഷാദിന്റെ പക്ഷികൾ’ മനസ്സിൽ ചേക്കേറി

കണ്ണൂരിലെ പുഷ്‌പോത്സവ നഗരിയിൽ വേറിട്ട കാഴ്‌ചയൊരുക്കി നിഷാദ്‌ ഇശാൽ. നിഷാദ്‌ പകർത്തിയ വ്യത്യസ്‌ത ഇനം പക്ഷികളുടെ 48 ഫോട്ടോകളാണ്‌ സന്ദർശകരുടെ മനസ്സിൽ ചേക്കേറിയത്‌. പൂക്കളെയും ചെടികളെയും തേടിയെത്തിയവർ വിവിധ ഇനം പക്ഷികളെയും അറിഞ്ഞാണ്‌ മടങ്ങിയത്‌. എം.എആർ.സിയാണ്‌ പ്രദർശനം സംഘടിപ്പിച്ചത്‌.

മലബാർ അവയർനെസ്‌ ആൻഡ്‌ റെസ്‌ക്യൂ സെന്റർ ഫോർ വൈൽഡ്‌ ലൈഫ്‌ (എംഎആർസി) എന്ന വന്യജീവി സംഘടനയിലെ പക്ഷിനിരീക്ഷണ വിഭാഗം കോഡിനേറ്ററാണ്‌ നിഷാദ്‌. മൂന്ന്‌ വർഷത്തെ പക്ഷി നിരീക്ഷത്തിനിടയിയിൽ 430 ഇനത്തിൽപ്പെട്ട 30,000 പക്ഷികളെ നിഷാദ്‌ ഫോട്ടോയിൽ പകർത്തിയിട്ടുണ്ട്‌.

Signature-ad

ആഫ്രിക്കയിൽനിന്ന്‌ കേരളത്തിൽ ദേശാടനത്തിനെത്തുന്ന അമൂർ ഫാൽക്കൺ, കടലിന്റെ നടുവിൽ കണ്ടുവരുന്ന റെഡ്‌ റെക്ക്‌ഡ്‌ ഫാലമോസ്‌ (പമ്പര കാട), 14,000 കിലോമീറ്റർ തുടർച്ചയായി സഞ്ചരിച്ച്‌ കേരളത്തിലെത്തുന്ന ബാർടെയ്‌ൽഡ്‌ ഗോഡ്‌വിറ്റ്‌, സാൻഡ്‌ ഫ്‌ളോവർ വിഭാഗത്തിൽപ്പെട്ട കെന്റിഷ്‌ ഫ്‌ളോവർ, ക്രാബ്‌ ഫ്‌ളോവർ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.

പരുന്ത്‌ വിഭാഗത്തിൽപ്പെട്ട യുറേഷ്യൻ കെസ്‌ട്രൽ, സൈബീരിയയിൽനിന്നുള്ള സൈബീരിയൻ സ്‌റ്റോൺ ചാറ്റ്‌, വംശനാശ ഭീഷണി നേരിടുന്ന വേഴാമ്പൽ ഇനങ്ങളായ ഗ്രേറ്റ്‌ തിക്കിനി, ഗ്രേ ഹോൺബിൽ തുടങ്ങിയവയുടെ ചിത്രങ്ങളും കാഴ്ചക്കാരിൽ കൗതുകമുണർത്തി.

സ്‌റ്റാൾ സന്ദർശിച്ചവർക്ക്‌ പക്ഷിനിരീക്ഷണ വിവരങ്ങളും കൈമാറി നിഷാദ്‌. കണ്ണൂർ പള്ളിക്കുന്ന്‌ സ്വദേശിയായ നിഷാദ്‌ ഇശാൽ ആർക്കിടെക്ടാണ്‌. കണ്ണൂർ, മൂന്നാർ, തൃശൂർ, വയനാട്‌ എന്നിവിടങ്ങളിലെ പക്ഷിനിരീക്ഷണത്തിനിടയിലാണ്‌ ഫോട്ടോകൾ പകർത്തിയത്‌. കഴിഞ്ഞ തവണത്തെ പുഷ്‌പോത്സവത്തിൽ എംഎആർസി ചിത്രശലഭങ്ങളുടെ ഫോട്ടോയാണ്‌ പ്രദർശിപ്പിച്ചത്‌.

  പുഷ്പോത്സവത്തിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ‘കുതിച്ചുയർന്ന് കണ്ണൂർ ‘ ഫോട്ടോ പ്രദർശനവും ശ്രദ്ധേയമായിരുന്നു. സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതായിരുന്നു പ്രദർശനം.

സഞ്ചാരികളുടെ മനംകവരാൻ നടപ്പാക്കുന്ന റിവർ ക്രൂസ്‌ പദ്ധതിയുടെ പ്രവൃത്തികൾ, ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ സ്മരണകൾ തുടിക്കുന്ന തലശേരി നിട്ടൂർ ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവിൽ ഒരുക്കിയ ‘ഗുണ്ടർട്ട് ബംഗ്ലാവ് ഡെവലപ്മെന്റ് ഓഫ് കംപോണന്റ്സ് ‘എന്ന സ്വപ്നപദ്ധതി, കാട്ടാമ്പള്ളി കയാക്കിങ് സെന്റർ, പാലയാട് അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്ക്, കോഴി അറവ് മാലിന്യ സംസ്‌കരണത്തിനായി പൊറോറ കരുത്തൂർപ്പറമ്പിൽ ആരംഭിച്ച മട്ടന്നൂർ ചിക്കൻ റെന്ററിങ്ങ് പ്ലാന്റ്, തലശേരി- മാഹി ബൈപാസ് നിർമാണം, ചിറക്കൽ ചിറ നവീകരണം എന്നിവയ്ക്കുപുറമെ ജില്ലയിലെ പൊതുവായ വികസനങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു.

138 വികസന ചിത്രങ്ങളടങ്ങിയ പ്രദർശനം കാണാൻ നിരവധി പേരാണ് എത്തിയത്. കണ്ണൂർ പൊലീസ് മൈതാനിയിൽ ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച പുഷ്‌പോത്സവം ഫെബ്രുവരി 6നു സമാപിച്ചു.

Back to top button
error: