കാര്യം കള്ളന്മാർ ആണെങ്കിലും അവർക്കിടയിലും ഉണ്ടാകും ചില തമാശക്കാർ. പലപ്പോഴും ഇത്തരം തസ്കരവീരന്മാരുടെ മോഷണ കഥകൾ നമ്മളെ ചിരിപ്പിക്കാറുണ്ട്. അത്തരത്തിൽ രണ്ട് കള്ളന്മാരുടെ മോഷണശ്രമത്തിന്റെ കഥയാണ് ഉത്തർപ്രദേശിലെ മീററ്റിൽ നിന്നും പുറത്ത് വരുന്നത്. മണി ഹീസ്റ്റ് സീരീസുകളെ പോലും വെല്ലുന്ന രീതിയിൽ വമ്പൻ പദ്ധതി നടപ്പിലാക്കി ജ്വല്ലറിക്കുള്ളിൽ മോഷ്ടിക്കാൻ കയറിയ ഈ കള്ളന്മാരുടെ പരിശ്രമം പക്ഷേ പരാജയപ്പെട്ടു പോയി. മോഷണശ്രമം പരാജയപ്പെട്ടെങ്കിലും മോഷ്ടിക്കാൻ കയറിയ ജ്വല്ലറി ഉടമയോട് മാപ്പ് അപേക്ഷിച്ച് കത്ത് എഴുതി വച്ചതിനുശേഷം ആണ് ഇവർ മടങ്ങിയത്.
ജ്വല്ലറിയുടെ സമീപത്തുകൂടി ഒഴുകുന്ന ഒരു അഴുക്കു ചാലിൽ നിന്നാണ് ഇവർ ജ്വല്ലറിയിലേക്കുള്ള തുരങ്കം നിർമ്മിച്ചു തുടങ്ങിയത്. 15 അടി നീളത്തിൽ തുരങ്കം നിർമ്മിച്ചപ്പോഴേക്കും ജ്വല്ലറിയിൽ എത്തി. അങ്ങനെ ആ തുരങ്കം വഴി ജ്വല്ലറിയുടെ ഉള്ളിൽ കടന്നു. പക്ഷേ സ്വർണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും സൂക്ഷിച്ചിരിക്കുന്ന റൂമിന്റെ വാതിൽക്കൽ എത്തിയതോടെ സംഗതികളെല്ലാം മാറി മറിഞ്ഞു. എത്ര ശ്രമിച്ചിട്ടും അവർക്ക് ആ വാതിൽ തുറക്കാൻ കഴിഞ്ഞില്ല. തങ്ങൾ കൂടുതൽ സമയം അവിടെ നിന്നിട്ട് കാര്യമില്ല എന്ന് ഉറപ്പായതുകൊണ്ടും അവർ മോഷണ ശ്രമം ഉപേക്ഷിക്കാൻ തീരുമാനിച്ചു. പക്ഷേ പോകുന്നതിനു മുൻപ് ആ കള്ളന്മാർ ജ്വല്ലറി ഉടമയ്ക്ക് ക്ഷമാപണക്കത്ത് എഴുതിവയ്ക്കാൻ മറന്നില്ല. തങ്ങളുടെ രണ്ടുപേരുടെയും പേര് സഹിതമാണ് അവർ ക്ഷമാപണം എഴുതി വച്ചത്. ചിന്നു, മുന്നു എന്നാണ് കത്തിൽ കള്ളന്മാരുടെ പേരുകൾ വച്ചിരിക്കുന്നത്.
തൊട്ടടുത്ത ദിവസം രാവിലെ ജ്വല്ലറി തുറക്കാനായി എത്തിയ ഉടമയാണ് മോഷണശ്രമം നടന്നതായി പൊലീസിനെ അറിയിച്ചത്. കടയിൽ നിന്ന് കിട്ടിയ കള്ളന്മാരുടെ കത്തും അദ്ദേഹം പൊലീസിന് കൈമാറി. ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്ട്രോങ്ങ് റൂമിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചങ്കിലും നടക്കാതെ വരികയായിരുന്നു എന്നാണ് പൊലീസിൻറെ അനുമാനം. സ്ട്രോങ്ങ് റൂമിന്റെ വാതിലിന് അഭിമുഖമായി തൂക്കിയിരുന്ന ശ്രീകൃഷ്ണന്റെ രൂപം കള്ളന്മാർ പുറം തിരിച്ചു വച്ചിരുന്നതായും കടയുടമ പൊലീസിനോട് പറഞ്ഞു. കൂടാതെ ജ്വല്ലറിയിലെ സിസിടിവി ഫൂട്ടേജിന്റെ ഹാർഡ് ഡിസ്കും കള്ളന്മാർ എടുത്തുകൊണ്ടു പോയിട്ടുണ്ട്. ജ്വല്ലറിയിലേക്ക് ദിവസങ്ങൾ എടുത്താണ് കള്ളന്മാർ 15 അടി നീളത്തിൽ തുരങ്കം നിർമ്മിച്ചിരിക്കുന്നത്. ഈ തുരങ്കം ആരംഭിക്കുന്ന ഭാഗത്തിന് സമീപത്തുള്ള സിസിടിവി ക്യാമറകളിൽ ഇവരുടെ മുഖം പതിഞ്ഞിട്ടുണ്ടോ എന്ന് പരിശോധനയിലാണ് ഇപ്പോൾ പൊലീസ്.