രോഗിയായ കുഞ്ഞിൻ്റെ ജീവനും മരണശിക്ഷ കാത്തിരിക്കുന്ന കള്ളൻ്റെ മനസ്സിലെ നേരും
വെളിച്ചം
കുട്ടിക്ക് അസുഖം കലശലായി. ഏതു സമയത്തും പ്രാണൻ പറന്നു പോകാം.
പല ഭിക്ഷഗ്വന്മാരെയും ഇതിനു മുമ്പ് കാണിച്ചതാണ്. പക്ഷേ ആർക്കും അസുഖം എന്തെന്ന് കണ്ടുപിടിക്കാനോ കുഞ്ഞിനെ രക്ഷപ്പെടുത്താനോ കഴിഞ്ഞില്ല.
ഇനിയെന്ത് എന്ന് മാതാപിതാക്കൾ ആലോചിച്ചു കൊണ്ടിരുന്ന സമയത്താണ് കുഞ്ഞിൻ്റെ അസുഖം ഭേദമാക്കാനുള്ള വിശിഷ്ട ഔഷധക്കൂട്ടുകളറിയാവുന്ന ഒരാളെ കുറിച്ച് അവർ കേട്ടത്. ആൾ പക്ഷേ ഒരു കള്ളനാണ്. കൊള്ളയും കൊള്ളിവയ്പും തൊഴിലാക്കിയ അയാൾ ഒളിവിലാണ് താമസം. രാജഭടന്മാർ ഈ കള്ളനെ അന്വേഷിച്ചു നടക്കുകയാണ്. കിട്ടിയാൽ കൊലക്കയർ തന്നെ ശിക്ഷ.
കുഞ്ഞിൻ്റെ മാതാപിതാക്കൾ ധർമ്മസങ്കടത്തിലായി. അവർക്ക് കുട്ടിയുടെ ജീവനായിരുന്നു വലുത്. അവർ കള്ളൻ്റെ ഒളിസങ്കേതം കണ്ടു പിടിച്ചു. ഒരു ദൂതനെ ആരും അറിയാതെ അയാളുടെ താമസസ്ഥലത്തേയ്ക്ക് പറഞ്ഞയച്ചു. “മരുന്നുമായി എത്രയും വേഗം വന്ന് ഞങ്ങളുടെ കുട്ടിയെ രക്ഷിക്കണം…”
ദൂതൻ അഭ്യർത്ഥിച്ചു. കള്ളൻ അത് കേട്ട് നിഷേധാർത്ഥത്തിൽ തലയാട്ടി:
“എനിക്ക് വരാൻ കഴിയില്ല. നാട്ടിൽ വന്നാൽ വന്നാൽ ഞാൻ പിടിക്കപ്പെടും. അവർ എന്നെ കൊല്ലും…”
എത്ര നിർബന്ധിച്ചിട്ടും കള്ളൻ വന്നില്ല. ദൂതൻ സങ്കടത്തോടെ തിരിച്ചുപോന്നു. പക്ഷേ ആ രാത്രി കള്ളന് ഉറങ്ങാൻ കഴിഞ്ഞില്ല. ലോകത്തിൽ തനിക്ക് മാത്രം അറിയാവുന്ന അപൂർവ്വമായ മരുന്നുകൂട്ട്. ഒരു ജീവൻ രക്ഷിക്കാൻ അത് പ്രയോജനപ്പെടുത്താനായില്ലെങ്കിൽ അതുകൊണ്ടെന്ത് പ്രയോജനം..?. തൻ്റെ ജീവനാണോ കുഞ്ഞിന്റെ ജീവനാണോ വലുത്. തനിക്ക് പ്രായമായി, ആ കുട്ടിയോ…? ഇനിയും എത്രയോകാലം അവന് മുന്നിൽ ഉണ്ട്.
അയാൾ ഒളിത്താവളത്തിൽ നിന്ന് അപ്പോൾ തന്നെ ഇറങ്ങി. ആ വീട് കണ്ടുപിടിച്ചു. കുഞ്ഞിനു മരുന്നു നൽകി. ചികിത്സ ഫലിച്ചു. കുഞ്ഞ് രക്ഷപ്പെട്ടു എന്ന് ഉറപ്പാക്കിയ ശേഷമാണ് അയാൾ ആ വീട്ടിൽനിന്ന് ഇറങ്ങിയത്. പക്ഷേ കള്ളന് രക്ഷപെടാൻ കഴിഞ്ഞില്ല. പുറത്ത് അയാളെ കാത്തു രാജഭടന്മാർ നിൽപ്പുണ്ടായിരുന്നു. കള്ളൻ കുസലന്യേ അവർക്ക് കീഴടങ്ങി. വിചാരണ കഴിഞ്ഞു. ശിക്ഷ വിധിച്ചു. കൊലക്കയറിനു മുന്നിൽ നിൽക്കുമ്പോൾ രാജാവ് അവനോടു ചോദിച്ചു:
“നിനക്ക് വരാതിരിക്കാമായിരുന്നില്ലേ, എങ്കിൽ ഈ വിധി വരുമായിരുന്നോ..?”
ആ ചോദ്യം കേട്ടപ്പോൾ കള്ളൻ്റെ മുഖത്ത് അസാധാരണമായ ഒരു ഭാവം വിടർന്നു. അയാൾപറഞ്ഞു:
“എൻ്റെ മനസ്സ് പറഞ്ഞു, കുഞ്ഞിനെ രക്ഷിക്കാൻ. അത് എന് മനസ്സിന്റെ നേരാണ്.. ”
രാജാവ് മെല്ലെ പുഞ്ചിരിച്ചു:
“എങ്കിൽ എൻ്റെ മനസ്സിപ്പോൾ പറയുന്നു നിന്നെ വെറുതെ വിട്ടേക്കാൻ. അതാണ് എൻ്റെ മനസ്സിൻ്റെ നേര്. പോകൂ, പോയി മോഷ്ടിക്കാതെ വൈദ്യം കൊണ്ട് ഇനിയുള്ള കാലം ജീവിക്കൂ…”
അങ്ങനെ മനസ്സിന്റെ നേര് കൊണ്ട് മാത്രം കള്ളന് ജീവൻ തിരിച്ചു കിട്ടി. ശേഷിക്കുന്ന കാലം അയാൾ വൈദ്യം കൊണ്ട് ജീവിതം പുലർത്തി.
സൂര്യനാരായണൻ
ചിത്രം: നിപുകമാർ