വാഷിങ്ടൺ: ഉപയോഗിച്ച രോഗികളുടെ കാഴ്ച നഷ്ടപ്പെടുകയും അണുബാധ സ്ഥിരീകരിക്കുകയും ചെയ്തതിനു പിന്നാലെ ഇന്ത്യൻ നിർമിത ഐ ഡ്രോപ്പിന് അമേരിക്കയിൽ താൽക്കാലിക വിലക്ക്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ യൂണിറ്റ് ആണ് ഐ ഡ്രോപ്പുകൾ പിൻവലിക്കുന്നത്. ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ നിർമ്മിക്കുന്ന എസ്രികെയർ ആർട്ടിഫിഷ്യൽ ടിയർ ഐ ഡ്രോപ്പ് എന്ന മരുന്നാണ് പിൻവലിച്ചത്. എപ്പിഡെമിയോളജിക്കൽ അന്വേഷണവും ലബോറട്ടറി വിശകലനങ്ങളും പൂർത്തിയാകുന്നതുവരെ ക്ലിനിക്കുകളും രോഗികളും എസ്രികെയർ തുള്ളി മരുന്നുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്നാണ് നിർദേശം.
ഈ കമ്പനിയുടെ മരുന്നുകളുടെ ഇറക്കുമതി നിയന്ത്രിക്കാൻ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കലിഫോർണിയ, കൊളറാഡോ, കണക്റ്റിക്കട്ട്, ഫ്ലോറിഡ, ന്യൂജേഴ്സി, ന്യൂ മെക്സിക്കോ, ന്യൂയോർക്ക്, നെവാഡ, ടെക്സസ്, യൂട്ട, വാഷിംഗ്ടൺ എന്നിവിടങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
അതേസമയം മരുന്നുകളുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് മരുന്ന് തിരിച്ചുവിളിക്കുകയാണെന്നാണ് കമ്പനിയുടെ വിശദീകരണം. വിഷയത്തിൽ വ്യക്തമായ അന്വേഷണം നടത്തുമെന്നും ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ അറിയിച്ചു.