ന്യൂഡൽഹി: ഓഹരി തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് ഗൗതം അദാനിക്കെതിരേ അന്വേഷണം നടത്താൻ ഒടുവിൽ കേന്ദ്ര സർക്കാരും. ഓഹരി വിപണിയിൽ വൻ തിരിച്ചടി നേരിടുന്നതിനിടെയാണ് അദാനിക്കെതിരെ കോർപ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചത്. മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമികമായ അന്വേഷണം നടക്കുന്നത്. കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരം അദാനി ഗ്രൂപ്പിൽ നിന്നും വിവരങ്ങൾ തേടി. സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളെ കുറിച്ചുള്ള രേഖകളാണ് പരിശോധിക്കുന്നത്. എന്നാല്‍, അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദാനി ഗ്രൂപ്പോ, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയമോ ഇതുവരെ തയ്യാറായിട്ടില്ല.
അദാനി ഗ്രൂപ്പിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിലും തെളിവുകളിലും ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആം ആദ്മി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, ഭാരത് രാഷ്ട്ര സമിതി, സി.പി.എം, സി.പി.ഐ എന്നീ പാര്‍ട്ടികളാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ആവശ്യമുന്നയിച്ചിട്ടുള്ളത്. എല്‍.ഐ.സിക്ക് അദാനി ഗ്രൂപ്പിലുള്ള നിക്ഷേപവും എസ്.ബി.ഐയില്‍ നിന്നും എടുത്തിട്ടുള്ള കടവും ചൂണ്ടിക്കാണിച്ചാണ് പാര്‍ട്ടികള്‍ ആശങ്ക ഉന്നയിച്ചത്.