അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്നത് എന്നൊക്കെ പറയാറില്ലേ, അത്തരത്തിൽ ഏറെ വിചിത്രമായ ഒരു പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് സിംഗപ്പൂരിൽ നിന്നുള്ള ഒരു യുവാവ്. താൻ പ്രണയിക്കുന്ന പെൺകുട്ടി തന്നെ തിരിച്ചു പ്രണയിക്കുന്നില്ല എന്നും ഒരു സുഹൃത്തായി മാത്രമാണ് കരുതുന്നതെന്നും അതിനാൽ തന്റെ വികാരങ്ങളെ മാനിക്കാത്ത പെൺകുട്ടി തനിക്ക് 24 കോടി രൂപയോളം നഷ്ടപരിഹാരം നൽകണമെന്നുമാണ് ഇയാളുടെ പരാതി. കെ കൗഷിഗൻ എന്ന യുവാവാണ് ഇത്തരത്തിൽ ഒരു വിചിത്രമായ ആവശ്യവുമായി വന്നിരിക്കുന്നത്.
നോറ ടാൻ എന്ന പെൺകുട്ടിക്ക് എതിരെയാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്. താൻ പെൺകുട്ടിക്ക് നൽകിയ പ്രണയം തനിക്ക് തിരിച്ചു നൽകാതെ തന്നെ വിഷാദരോഗത്തിലേക്കും വലിയ മാനസിക വിഷമത്തിലേക്കും പെൺകുട്ടി തള്ളി വിട്ടു എന്നാണ് ഇയാൾ ആരോപിക്കുന്നത്. തന്നോട് സൗഹൃദം മാത്രമാണ് പെൺകുട്ടിക്ക് ഉള്ളത് എന്നാണ് പറയുന്നത് എന്നാൽ താൻ ആഗ്രഹിക്കുന്നത് പ്രണയമാണെന്നും ഇയാൾ പറയുന്നു.
2016 -ലാണ് പെൺകുട്ടിയുമായി ഇയാൾ പരിചയത്തിൽ ആകുന്നത്. അധികം വൈകാതെ തന്നെ പെൺകുട്ടിയുമായി താൻ പ്രണയത്തിലായെന്നും പക്ഷേ പെൺകുട്ടി തന്നെ തിരിച്ചു പ്രണയിച്ചില്ലെന്നും ആണ് ഇയാളുടെ വാദം. ഇതിനെ തുടർന്ന് 2020 സെപ്റ്റംബറിൽ ആണ് തൻറെ വികാരങ്ങൾ മാനിക്കാത്തതിന് പെൺകുട്ടിയിൽ നിന്നും 24 കോടിയോളം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഇയാൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഈ വിവരം അറിഞ്ഞ പെൺകുട്ടി ഇയാളും ഒരുമിച്ച് കൗൺസിലിംഗ് സെക്ഷനുകളിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചതോടെ പരാതിയിൽ നിന്നും ഇയാൾ പിന്മാറുകയായിരുന്നു.
എന്നാൽ, നിരവധി കൗൺസിൽ സെക്ഷനുകളിൽ പങ്കെടുത്തെങ്കിലും പെൺകുട്ടി ഇപ്പോഴും തന്നെ പ്രണയിക്കാൻ ഒരുക്കമല്ലെന്നും പകരം താനുമായുള്ള സമ്പർക്കം കുറച്ചു എന്നുമാണ് ഇയാൾ പറയുന്നത്. അതിനാൽ പെൺകുട്ടിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് കൗഷിഗൻ. ഫെബ്രുവരി 9 ന് ആണ് ഈ കേസ് കോടതി പരിഗണിക്കുന്നത്.