കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ 625 തസ്‍തികകളിൽ പ്രവാസികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയമന വിലക്ക് സിവിൽ സർവീസ് കമ്മീഷൻ പിൻവലിച്ചു. ഈ തസ്‍തികകളിലേക്ക് നിയമനം നടത്താൻ അനുമതി നൽകിക്കൊണ്ട് സിവിൽ സർവീസ് മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചതായി അൽ അൻബ ദിനപ്പത്രം റിപ്പോർട്ട് ചെയ്‍തു.
77 ഡോക്ടർമാർ, 485 സ്റ്റാഫ് നഴ്സുമാർ, 52 ടെക്നീഷ്യന്മാർ, 11 ഫാർമസിസ്റ്റുകൾ എന്നിവരുടെ ഒഴിവുകളിലാണ് പ്രവാസികളെ നിയമിക്കുന്നതിൽ വിലക്കേർപ്പെടുത്തിയിരുന്നത്. ഈ തസ്‍തികകളിൽ നേരത്തെ ജോലി ചെയ്‍തിരുന്നവരുടെ സേവന കാലാവധി അവസാനിച്ച ശേഷം അവരുടെ ആനുകൂല്യങ്ങൾ കൊടുത്തുതീർക്കുന്നതിനുള്ള നിയമപരമായ കാലവധി അവസാനിക്കുന്നത് വരെ നിയമനം വേണ്ടെന്നായിരുന്നു നേരത്തെയുള്ള നിർദേശം.
ഇതിന് പുറമെ ആരോഗ്യ മന്ത്രാലയത്തിന് അടുത്ത സാമ്പത്തിക വർഷത്തേക്ക് അനുവദിച്ചിരിക്കുന്ന ബജറ്റ് സംബന്ധമായ വിവരങ്ങൾ ലഭ്യമായ ശേഷം ഈ തസ്‍തികകൾ തുടരാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ച സാഹചര്യത്തിൽ കൂടിയാണ് പ്രവാസികളുടെ നിയമനത്തിന് അനുമതി നൽകിയത്.