CrimeNEWS

പോക്‌സോ കേസില്‍ 18 വര്‍ഷം തടവ്; വിധി കേട്ട പ്രതി കോടതി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മലപ്പുറം: പോക്‌സോ കേസില്‍ വിധികേട്ട പ്രതി കോടതി കെട്ടിടത്തില്‍നിന്നു താഴേക്കുചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരൂരില്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി കെട്ടിടത്തിന്റെ ഒന്നാംനിലയില്‍നിന്ന് താഴേക്കുചാടി കോട്ടയ്ക്കല്‍ ആട്ടീരി സ്വദേശി പുല്‍പ്പാട്ടില്‍ അബ്ദുള്‍ജബ്ബാറാണ് (27) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരുക്കേറ്റ ഇയാളെ പോലീസ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിക്ക് കോടതി 18 വര്‍ഷമാണ് തടവുശിക്ഷ വിധിച്ചത്.

2014-ല്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് മൊബൈലില്‍ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ കോട്ടയ്ക്കല്‍ പോലീസ് രജിസ്റ്റര്‍ചെയ്ത കേസ്സിലെ പ്രതിയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോട്ടയ്ക്കല്‍ പോലീസ് പ്രതിയെ തിരൂര്‍ ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതിയില്‍ ഹാജരാക്കി. ജഡ്ജി സി.ആര്‍. ദിനേശ് വിവിധ വകുപ്പുകളില്‍ 18 വര്‍ഷം കഠിനതടവിനും 65,000 രൂപ പിഴയടയ്ക്കാനുമാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 20 മാസം കഠിനതടവും അനുവദിക്കണം. ജഡ്ജി ശിക്ഷവിധിച്ച ഉടനെ പ്രതി കോടതി കെട്ടിടത്തിന്റെ ഒന്നാംനിലയില്‍നിന്ന് താഴേക്കുചാടുകയായിരുന്നു.

Signature-ad

കോടതി വളപ്പിലുണ്ടായിരുന്നവര്‍ പിടിച്ചുവെച്ചെങ്കിലും അവരെ തട്ടിമാറ്റി തൊട്ടടുത്ത പഴയ സബ്രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ ചുമരില്‍ തലയടിച്ച് അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. ഉടനെ പോലീസ് ഇയാളെ പിടികൂടി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് തിരൂര്‍ പോലീസ് കേസെടുത്തു. കോടതിയില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ആയിഷ പി. ജമാല്‍, അശ്വനികുമാര്‍ എന്നിവര്‍ ഹാജരായി.

Back to top button
error: