കാസര്‍ഗോഡ്: വധശ്രമമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ മൂന്നു പേരെ സാഹസികമായി അറസ്റ്റ് ചെയ്ത് പോലീസ്. ചാര്‍ളി ഉസ്മാന്‍ (41), എം.എച്ച്. മൊയ്തീന്‍ (27), സിനാന്‍ (30) എന്നിവരാണ് അറസ്റ്റിലായത്. വധശ്രമകേസില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പോലീസ് പിടിയിലാവുന്നത്.
പുളിക്കൂര്‍ പള്ളത്തെ പി.എം. ആസിഫിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ചാര്‍ളി ഉസ്മാന്‍ സംഭവത്തിനുശേഷം ഒളിവിലായിരുന്നു. ഉസ്മാനും മറ്റു രണ്ടു പ്രതികളും ഉളിയത്തടുക്കയില്‍ ഇരുചക്രവാഹനത്തില്‍ ചുറ്റിക്കറങ്ങുന്നതായി വിവരം ലഭിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ഒളിസങ്കേതം കണ്ടെത്തുന്നത്. തുടര്‍ന്ന് ഉളിയത്തടുക്കയിലെ സ്വകാര്യ കെട്ടിടത്തിലെത്തിയ പോലീസ് സംഘം വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികള്‍ തയ്യാറായില്ല. തുടര്‍ന്ന് പോലീസ് വാതില്‍ ചവിട്ടിത്തുറന്ന് മൂന്നുപേരെയും പിടികൂടുകയായിരുന്നു. അതിനിടയില്‍ കുളിമുറിയുടെ കമ്പിവളച്ച് രക്ഷപ്പെടാനുള്ള ശ്രമവും നടത്തിയിരുന്നു.
വധശ്രമം, മതസ്പര്‍ധ വളര്‍ത്തല്‍ എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയാണ് ചാര്‍ളി ഉസ്മാന്‍. 2009-ല്‍ കാപ്പചുമത്തി അറസ്റ്റിലായ ഉസ്മാന്‍ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. മയക്കുമരുന്ന് കേസുള്‍പ്പടെ നാലു കേസുകളില്‍ പ്രതിയായ മൊയ്തീന്‍ ഉളിയത്തടുക്കയിലെ പെട്രോള്‍ പമ്പ് ആക്രമിച്ച കേസിലെ പ്രതി കൂടിയാണ്. എം.ഡി.എം.എ. പിടികൂടിയതില്‍ പ്രതിയായ സിനാന്‍ അടുത്തകാലത്താണ് പുറത്തിറങ്ങിയത്.