KeralaNEWS

പണ്ടു നടന്ന കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ കാര്യമില്ല; ഡോക്യുമെന്ററി വിവാദത്തില്‍ ശശി തരൂര്‍

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെക്കുറിച്ച് ഇനിയും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതില്‍ കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിച്ച വിഷയമാണിത്. സുപ്രീം കോടതിയുടെ തീരുമാനത്തോട് എതിര്‍പ്പുള്ളവര്‍ ഉണ്ടാവാം. എന്നാല്‍ അത് ഇനിയും ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ലെന്ന് തരൂര്‍ പറഞ്ഞു. ബി.ബി.സി ഡോക്യുമെന്ററി വിവാദത്തെ തുടര്‍ന്ന് എ.ഐ.സി.സി സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ അനില്‍ ആന്റണി രാജിവച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ചര്‍ച്ച ചെയ്യേണ്ട ഒട്ടേറെ വിഷയങ്ങളുണ്ട്. പണ്ടു നടന്ന കാര്യങ്ങളെക്കുറിച്ചു മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ കാര്യമില്ലെന്ന് തരൂര്‍ പറഞ്ഞു. അനില്‍ ആന്റണി മികച്ച ആശയങ്ങളുള്ള, നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. രാജിയെക്കുറിച്ച് തന്നോട് ആലോചിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയാനില്ല.

Signature-ad

രാജ്യത്തു നടക്കുന്ന വിവാദങ്ങളില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നാണ് തന്റെ പക്ഷം. എന്നാല്‍, ബി.ബി.സി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്ര നടപടിയോട് ഒരു തരത്തിലും യോജിക്കാനാവില്ല. അത് അഭിപ്രായ സ്വതന്ത്ര്യത്തെ ഇല്ലാതാക്കലാണ്. ബി.ബി.സിക്ക് അവര്‍ കണ്ടെത്തിയ കാര്യങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, നമുക്ക് അതു കാണുകയോ കാണാതിരിക്കുകയോ ചെയ്യാം. സര്‍ക്കാര്‍ വിലക്കിയില്ലെങ്കില്‍ ഇത്രയും പേര്‍ ഡോക്യുമെന്ററി കാണില്ലായിരുന്നെന്ന് തരൂര്‍ പറഞ്ഞു.

ബി.ബി.സി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന, അനില്‍ ആന്റണിയുടെ അഭിപ്രായത്തോടു യോജിപ്പില്ല. അത് അപക്വമാണ്. രാജ്യത്തിന്റെ പരമാധികാരം അങ്ങനെയൊന്നും ഇല്ലാതാവുന്ന ഒന്നല്ല. ഡോക്യുമെന്ററി രാജ്യസുരക്ഷയെ ബാധിക്കുമെന്ന സര്‍ക്കാര്‍ വാദത്തോടും യോജിക്കാനാവില്ലെന്ന് തരൂര്‍ പറഞ്ഞു.

Back to top button
error: