തിരുവനന്തപുരം: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെമ്പായം കൊഞ്ചിറ പെരുംകൂര്‍ ഉടയന്‍പാറക്കോണം കുന്നില്‍ വീട്ടില്‍ വിഷ്ണു(22)വിനെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റുചെയ്തത്.
കൊല്ലം സ്വദേശിനിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടശേഷം വട്ടപ്പാറയിലെ വീട്ടിലെത്തിച്ച് നിരന്തരമായി പീഡനത്തിനിരയാക്കി എന്നാണ് കേസ്. 2021-ലാണ് വിഷ്ണു പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണിലേക്കു വിളിച്ച് സംസാരിക്കുകയും പ്രതിയുടെ വട്ടപ്പാറയിലെ വീട്ടിലേക്കു വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പിന്നീട് പലതവണ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു.
നാടന്‍പാട്ട് കലാകാരനായിരുന്ന വിഷ്ണു പരിപാടി അവതരിപ്പിക്കാന്‍ കഴിഞ്ഞ 15-ന് പോയി. ആ ദിവസം പെണ്‍കുട്ടിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി വട്ടപ്പാറയിലെ വീട്ടലേക്കു കൊണ്ടുവന്നു. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുവന്ന് താമസിക്കുന്നതായി രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തുചെന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ സംരക്ഷണത്തിനായി സി.ഡബ്ല്യു.സിക്ക് മുന്നില്‍ ഹാജരാക്കി.