അടുത്ത ലക്‌ഷ്യം തമിഴ്നാട് ,ബിജെപി ഇറക്കുന്നത് അമിത് ഷായെ തന്നെ
തമിഴകം പിടിക്കാൻ പുതു തന്ത്രങ്ങളുമായി ബിജെപി .കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെയാണ് തമിഴ്നാടിനു വേണ്ടിയുള്ള തന്ത്രങ്ങൾ മെനയുക .അടുത്ത വർഷമാണ് തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് .അമിത് ഷാ തന്നെ തമിഴ്‌നാട്ടിലെ പ്രചരണ പ്രവർത്തനങ്ങളുടെ മേൽനോട്ടം ഏറ്റെടുത്തേയ്ക്കും .ഈ മാസം 21 നു അമിത് ഷാ ചർച്ചകൾക്കായി ചെന്നൈയിൽ എത്തുന്നുണ്ട് .
കോർ കമ്മിറ്റി അംഗങ്ങൾ ,സംസ്ഥാന സമിതി അംഗങ്ങൾ ,മണ്ഡലം ഭാരവാഹികൾ തുടങ്ങിയവരുമായി അമിത് ഷാ പ്രത്യേകം ചർച്ച നടത്തും .സർക്കാർ പരിപാടികളിലും പങ്കെടുക്കും .കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് അമിത് ഷാ ചെന്നൈയിൽ എത്തുന്നത് .
തമിഴ്‌നാട് ബാലികേറാമല ആയതിനാൽ വലിയ ശ്രദ്ധ ബിജെപി ദേശീയ നേതൃത്വം സംസ്ഥാനത്തിന് നൽകിയിരുന്നില്ല .എന്നാൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ സംസ്ഥാന അധ്യക്ഷൻ എൽ മുരുഗൻ തമിഴ്‌നാടിനെ ശ്രദ്ധിക്കണമെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചു .ഒപ്പം കേന്ദ്ര പുനഃസംഘടനയിൽ തമിഴ്നാടിനെ തഴഞ്ഞതിന്റെ പരാതിയും പറഞ്ഞു .ഈ പശ്ചാത്തലത്തിൽ ആണ് അമിത് ഷാ തന്നെ നേരിട്ട് സംസ്ഥാനത്ത് എത്തുന്നത് .വലിയ ആരവങ്ങളോടെ ആകും ബിജെപി താമിഴ്നാട് ഘടകം അമിത് ഷായെ സ്വീകരിക്കുക .
ഇതുവരെ ഏതെങ്കിലും ദ്രാവിഡ കക്ഷികളുമായി സഖ്യത്തിലൂന്നിയുള്ള പ്രവർത്തനവും പ്രചാരണവുമാണ് ബിജെപി തമിഴ്നാട്ടിൽ നടത്തിക്കൊണ്ടിരുന്നത് .എന്നാൽ അതിൽ വലിയൊരു മാറ്റമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് .ഹിന്ദുത്വയിൽ ഊന്നിയുള്ള പ്രചാരണം ആണ് ബിജെപി ലക്ഷ്യമിടുന്നത് .സഖ്യകക്ഷി ആണെങ്കിലും അണ്ണാ ഡി എം കെയുമായി പലപ്പോഴും ബിജെപി ഇടയുന്നുണ്ട് .
വെട്രിവേൽ യാത്രയാണ് ബിജെപിയുടെ തുറുപ്പ് ചീട്ട് .യാത്രയ്ക്ക് സർക്കാർ അനുമതി നിഷേധിച്ചു .ഇതിന്റെ പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ മൂന്ന് പ്രാവശ്യം അറസ്റ്റിലായി .തമിഴ്നാട്ടിൽ ഒറ്റയ്ക്ക് നിൽക്കണോ അതോ അണ്ണാ ഡിഎംകെയ്ക്കൊപ്പം നിൽക്കണോ എന്നുള്ള കാര്യവും അമിത് ഷാ നേതാക്കളുമായി സംസാരിക്കും .നേതാക്കളുടെ പ്രതികരണം മുൻ നിർത്തിയാവും സഖ്യ തീരുമാനം .
അടുത്ത വർഷം നടക്കുന്ന ബംഗാൾ തെരഞ്ഞെടുപ്പിന്റെ ചുമതലക്കാരനും അമിത് ഷാ തന്നെ .ബംഗാളിൽ വലിയ കുതിച്ചു ചാട്ടം നടത്താൻ ബിജെപിക്കായി.എന്നാൽ തമിഴ്നാട്ടിൽ ഇനിയും വേരുകൾ ഉറപ്പിക്കാൻ ബിജെപിയ്ക്ക് ആയിട്ടില്ല .