കൊച്ചി: ട്യൂഷനെത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവിനെതിരേ കേസ്. ബാബു കെ ഇട്ടീരക്കെതിരെയാണ് പുത്തന്‍ കുരിശ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്.
പെണ്‍കുട്ടിക്ക്് സ്പെഷ്യല്‍ ട്യൂഷന് നല്‍കണമെന്ന് രക്ഷാകര്‍ത്താക്കളെ തെറ്റിദ്ധരിപ്പിച്ച് വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് മൊഴി. കേസിന് പിന്നാലെ പ്രതി ഒളിവില്‍ പോയെന്ന് പോലീസ് വ്യക്തമാക്കി. 2005 ല്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരം 2006 ലാണ് ഇദ്ദേഹത്തിന് ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചത്. അവാര്‍ഡ് വാങ്ങാനായി ദില്ലിയില്‍ എത്തിയെങ്കിലും ചടങ്ങിന് തൊട്ടു മുന്‍പ് സ്കൂള്‍ മാനേജ്മെന്റ് നല്കിയ പരാതിയില്‍ അവാര്‍ഡ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് കോടതിയില്‍ കേസ് നല്കി. 15 വര്‍ഷത്തിന് ശേഷം കോടതി നിര്‍ദ്ദേശപ്രകാരമാണ് 2021ല്‍ അവാര്‍ഡ് നല്‍കിയത്. കേസില്‍ പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുകയാണെന്നും സൂചനയുണ്ട്.
അതേസമയം, മലപ്പുറത്ത് പോക്സോ കേസില്‍ കേരള ബാങ്ക് ജീവനക്കാരനും പെണ്‍സുഹൃത്തും അറസ്റ്റിലായി. ബാങ്കിലെ ക്ലാര്‍ക്ക് അലി അക്ബര്‍ ഖാനും പെണ് സുഹൃത്തുമാണ് പിടിയിലായത്. പെണ്‍സുഹൃത്തിന്റെ അറിവോടെ, ഇവരുടെ മകളെ പീഡിപ്പിച്ചെന്നാണ് കേസ്. ഇയാളുടെ പെണ് സുഹൃത്തിന്റ മകളായ 11 വയസുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. അമ്മയുടെ അറിവോടെയായിരുന്നു പീഡനം. ഇതോടെയാണ് പെണ്‍സുഹൃത്തിനെയും പിടികൂടിയത്. സ്കൂളിലെ കൗണ്‍സിലിംഗിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്