വേനലായി, ചൂടു കൂടുന്നു, ചെടികളെ സംരക്ഷിക്കാന്‍ പുതയിടാം
മഴക്കാലവും മഞ്ഞുകാലവും കഴിഞ്ഞ് ഇനി വേനൽ കാലത്തിന്റെ വരവാണ് കേരളത്തിൽ. ശ്രദ്ധിച്ചില്ലെങ്കിൽ പച്ചക്കറികളും പഴച്ചെടികളും കത്തുന്ന ചൂടില്‍ കരിഞ്ഞു പോകാനുള്ള സാധ്യത കൂടിയാണ്. രണ്ടു നേരം നനച്ചാലും വെയിലിന്റെ ശക്തിയില്‍ അവയെല്ലാം ആവിയായി പോകുകയാണ്. ഇതിനുള്ള പ്രതിവിധിയാണ് പുതയിടല്‍. മണ്ണില്‍ ജലാംശം നിലനിര്‍ത്താനുള്ള ഫലപ്രദമായ ഒരു രീതിയാണ് പുതയിടയില്‍. ബാഷ്പീകരണം മൂലം ജലം നഷ്ടപ്പെട്ടു പോകുന്നതും ഇതുവഴി പരിമിതപ്പെടുത്താനാകും.
മുന്‍ വിളയുടെ അവശിഷ്ടങ്ങള്‍, കരിയില, ചപ്പുചവറുകള്‍, പച്ചിലവളച്ചെടികള്‍, ഉണങ്ങിയ തെങ്ങോലകള്‍, തൊണ്ട് എന്നിവ മണ്ണിലും ചെടിയുടെ ചുവട്ടിലുമിട്ടു പുതയിടയില്‍ അനുവര്‍ത്തിക്കാം. തടങ്ങളില്‍ തൊണ്ട് കമിഴ്ത്തി അടുക്കുന്ന രീതി എല്ലാ ദീര്‍ഘകാല വിളകള്‍ക്കും ഏറെ അനുയോജ്യമാണ്. ഇവ മണ്ണിന് ആവരണമായി കിടന്നാല്‍ വെയിലില്‍ നിന്നും മണ്ണ് വരണ്ടു പോകുന്നതിനെ സംരക്ഷിക്കുകയും മഴക്കാലത്ത് ഇത് മണ്ണിലേക്ക് അഴുകി ചേരുകയും ചെയ്യും.
ജൈവാവശിഷ്ടങ്ങള്‍ കത്തിക്കരുത്
ജൈവാവശിഷ്ടങ്ങള്‍ ഒരു കാരണവശാലും കത്തിക്കരുത്. അന്തരീക്ഷ താപനിലയും മണ്ണിലെ താപനിലയും ക്രമാതീതമായി ഉയരുന്നതിനും അനുബന്ധ പ്രശ്നങ്ങള്‍ക്കും ഇടയാക്കും. ചപ്പുചവറുകള്‍ പുതയിടലിനായി മാത്രം ഉപയോഗിക്കുക.
തൈകളെ സംരക്ഷിക്കാം
റബര്‍ തൈകളെ തെക്കുപടിഞ്ഞാറന്‍ വെയില് അടിക്കാതെ സൂര്യാഘാതത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി മെടഞ്ഞ തെങ്ങോല, ഈറ എന്നിവ ഉപയോഗിച്ച് തണല്‍ നല്‍കുക. ചെറുതൈകള്‍ക്കു ചുറ്റും പുതയിടുകയും ചെയ്യുക. തൈകള്‍ നട്ട് രണ്ടാം വര്‍ഷം മുതല്‍ അവയുടെ തായ് തടിയില്‍ കട മുതല്‍ കവര വരെ വെള്ളപൂശുന്നത് വേനല്‍ചൂടില്‍ നിന്നും അവയ്ക്കു സംരക്ഷണം നല്‍കുന്നതിന് ഉപകരിക്കും. ചുണ്ണാമ്പും കളിമണ്ണുമാണ് സാധാരണയായി വെള്ളപൂശലിനായി ഉപയോഗിക്കുന്നത്.