CrimeIndiaNEWS

പ്രണയം നിരസിച്ചു, ദേശീയ ജൂനിയർ ബോക്സിങ് താരത്തെ പിന്തുടർന്ന് വെടിവെച്ചു കൊല്ലാൻ ശ്രമം; മൂന്ന് കൗമാരക്കാർ പിടിയിൽ

ഭോപ്പാൽ: പ്രണയം നിരസിച്ചതിന് ദേശീയ ജൂനിയർ ബോക്സിങ് താരമായ 14 വയസ്സുകാരിയെ പിന്തുടർന്ന് വെടിവെച്ച സംഭവത്തിൽ മൂന്ന് കൗമാരക്കാർ പിടിയിൽ. പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന കൗമാരക്കാരൻ ഉൾപ്പെടെയാണ് അറസ്റ്റിലായത്. തലനാരിഴയ്ക്കാണ് താരം രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച വൈകീട്ട് ഗ്വാളിയോറിലെ ജനത്തിരക്കേറിയ തെരുവിലായിരുന്നു സംഭവം. 14 വയസ്സുള്ള പെൺകുട്ടി മധ്യപ്രദേശിന്റെ മികച്ച ബോക്‌സിങ് താരമാണെന്നും വിശാഖപട്ടണത്ത് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഗ്വാളിയോറിലെ തരുൺ പുഷ്‌കർ സ്റ്റേഡിയത്തിലെ പരിശീലനത്തിന് ശേഷം വീട്ടിലേക്ക് നടന്നുപോകുമ്പോൾ സ്‌കൂട്ടറിലെത്തിയ മൂന്ന് പേർ ഝാൻസി റോഡിലെ ക്ഷേത്രത്തിന് സമീപത്തുവെച്ച് വെടിവെച്ചു. എന്നാൽ, അതിവേ​ഗതയിൽ പെൺകുട്ടി ഒഴിഞ്ഞുമാറി‌യതിനാൽ വെ‌ടിയേറ്റില്ല. തുടർന്ന് മൂവരും ഓടിരക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു.

പെൺകുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, അവളെ സ്ഥിരമായി പിന്തുടർന്ന് ശല്യം ചെയ്യുന്ന അയൽവാസി ഉൾപ്പെടെ മൂന്ന് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. മൂന്ന് പ്രതികളെയും പി‌‌ടികൂടി. ഇവരിൽ നിന്ന് 315 നാടൻ പിസ്റ്റൾ പിടിച്ചെടുത്തു. വെടിയുതിർത്തയാൾ ഏറെനാളായി തന്നെ പിന്തുടരുകയായിരുന്നെന്നും എന്നാൽ തന്റെ ബോക്‌സിംഗ് കരിയറിലും പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ഇയാളെ പെൺകുട്ടി ഒഴിവാക്കിയെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടി നിരസിച്ചത് ആൺകുട്ടിയെ പ്രകോപിതനാക്കി. തു‌ടർന്നാണ് രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ പെൺകുട്ടിയെ കൊലപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

Back to top button
error: