ഗാസിയാബാദ്: യുവാവ് ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തി മൃതദേഹം അര ഡസനിലധികം കഷ്ണങ്ങളാക്കി മുറിച്ച് ചവറുകൂനയിൽ തള്ളി. ഗാസിയാബാദിലാണ് സംഭവം. മീലാൽ പ്രജാപതി എന്ന വ്യക്തിയാണ് ഗാസിയാബാദ് സ്വദേശിയായ അക്ഷയുമായുള്ള ഭാര്യയുടെ വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ അയാളെ കൊല്ലാൻ തീരുമാനിക്കുകയും കൃത്യം നടപ്പാക്കുകയും ചെയ്തത്.
മീലാൽ ഇല്ലാതിരുന്ന സമയത്ത്, അക്ഷയ് വീട്ടിൽ വന്നിരുന്നു. ഭാര്യ അക്ഷയ്ക്ക് ചായ ഉണ്ടാക്കി നൽകി. തിളച്ചുമറിയുന്ന ചായ മീലാലിന്റെ മകളുടെ കാലിൽ വീണ് പൊള്ളലേറ്റു. മീലാൽ തിരിച്ചെത്തിയതോടെ മകളുടെ കാലിലെ പൊള്ളൽ കാണുകയും ആശുപത്രിയിലെത്തിച്ച് ചികിത്സ തേടുകയും ചെയ്തു. മകളുമൊത്ത് ആശുപത്രിയിലായതിനാൽ വീട്ടുജോലികൾക്ക് സഹായത്തിനായി അക്ഷയിനെ വിളിക്കാൻ മീലാൽ ഭാര്യയോട് നിർദ്ദേശിച്ചു.
അക്ഷയിനെ കൊലപ്പെടുത്താനാണ് മീലാലിന്റെ ഉദ്ദേശ്യമെന്ന് ഭാര്യക്ക് മനസിലായിരുന്നില്ല. അക്ഷയ് വീട്ടിലെത്തിയതോടെ മീലാൽ ഇവിടെയെത്തുകയും അക്ഷയിന്റെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പല കഷണങ്ങളായി മുറിച്ച മൃതദേഹം വിവിധ ചാക്കുകളിലാക്കി ഗാസിയാബാദിലൊരിടത്ത് ചവറ്റുകൂനയിൽ നിക്ഷേപിച്ചു. ഇവിടെ മൃതദേഹ ഭാഗങ്ങൾ കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. അന്വേഷണം നടത്തിയ പൊലീസ് മീലാലിനെ അറസ്റ്റ് ചെയ്തു.