KeralaNEWS

ചിക്കനും വിസ്‌കിയും കഴിക്കുന്ന നഗരത്തിലെ പ്രകൃതി സംരക്ഷണവാദികളെ കടുവയിറങ്ങുന്ന ഗ്രാമത്തിലേക്ക് ക്ഷണിക്കുന്നെന്ന് മാധവ് ഗാഡ്ഗിൽ

ചിക്കനും വിസ്‌കിയും കഴിക്കുന്ന നഗരത്തിലെ പ്രകൃതി സംരക്ഷണവാദികളെ കടുവയിറങ്ങുന്ന ഗ്രാമത്തിലേക്ക് ക്ഷണിക്കുന്നെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. വന്യമൃഗങ്ങളെ നിയന്ത്രിതമായ രീതിയിൽ വേട്ടയാടുന്നത് അവരുടെ എണ്ണം കുറക്കാനും വനത്തിൽ ജീവിക്കുന്നവരെ മൃഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായകരമാകും. വന്യമൃഗശല്യത്തെ കുറിച്ച് യാതൊരു ധാരണയുമില്ലാത്ത, നഗരങ്ങളിൽ ജീവിക്കുന്ന ചില പരിസ്ഥിതിവാദികളാണ് ഇതിന്റെ പ്രശ്‌നങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ലാതെ പ്രഭാഷണം നടത്തുന്നതെന്നും ഒരു അഭിമുഖത്തിൽ ഗാഡ്ഗിൽ പറഞ്ഞു.

വന്യമൃഗങ്ങളെ നിയന്ത്രിതമായി വേട്ടയാടേണ്ടത് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നാണെന്നും 1972ലെ വന്യജീവി സംരക്ഷണ നിയമം മനുഷ്യർക്ക് മൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ”നഗര പ്രകൃതി സംരക്ഷണത്തെ സംബന്ധിച്ചിടത്തോളം, ജനസൗഹാർദം കൂടുതലോ കുറവോ എന്ന ചോദ്യമില്ല. ഞാൻ അറിഞ്ഞിടത്തോളം അവർക്ക് സാധാരണക്കാരോട് തികഞ്ഞ അവജ്ഞയാണ്. ഇത് പറയുന്നതിൽ എനിക്ക് ദുഖമുണ്ട്, പക്ഷെ വിഭജിക്കപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്. ഇവരൊക്കെ എനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളുകളാണ്. അവർ വലിയ നഗരങ്ങളിൽ ജീവിക്കുന്നു, സമ്പന്നരാണ്. അവർക്ക് മട്ടനും ചിക്കനും മീനും കഴിക്കാനും വിസ്‌കി കുടിക്കാനുമുള്ള സാമ്പത്തികശേഷിയുണ്ട്. അതേസമയം ആളുകൾ എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ച് ഇക്കൂട്ടർ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നു. എനിക്ക് സുഹൃത്തുക്കളുള്ള ഏതെങ്കിലുമൊരു ഗ്രാമത്തിൽ രണ്ട് രാത്രി കഴിയാൻ ഞാനിവരെ ക്ഷണിക്കുകയാണ്. അവിടെ രാവിലെ പുറത്തിറങ്ങുന്ന സ്ത്രീകളെ കടുവകൾ കൊല്ലുകയാണ്. ഏത് നിമിഷവും തങ്ങളെ ആക്രമിച്ചേക്കാവുന്ന കടുവകളെ ഭയന്ന് അവർ എങ്ങനെ ജീവിക്കുന്നുവെന്ന് നോക്കുക. ജീവിതത്തെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തുന്നതിന് മുമ്പ് ഈ ജീവിതങ്ങൾ കൂടി പ്രകൃതി സംരക്ഷണവാദികൾ അനുഭവിച്ചറിയണം,” ഗാഡ്ഗിൽ പറഞ്ഞു.

ദേശീയോദ്യാനങ്ങൾക്ക് പുറത്ത് വന്യമൃഗ വേട്ട അനുവദിക്കുന്നതിൽ തെറ്റില്ലെന്ന് മാധവ് ഗാഡ്ഗിൽ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതനിടെയാണ് ഗാഡ്ഗിലിന്റെ പ്രതികരണം. ‘അമേരിക്ക, ബ്രിട്ടൺ, ആഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ വന്യമൃഗങ്ങളെ വേട്ടയാടാൻ ജനങ്ങൾക്ക് കഴിയും. ലൈസൻസോട് കൂടിയുള്ള വേട്ടയാടൽ സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽ വരെയുണ്ട്. പ്രാദേശിക ജനങ്ങളുമായി ചർച്ച നടത്തിയ ശേഷം വകവരുത്തേണ്ട വന്യമൃഗങ്ങളുടെ പട്ടിക വനംവകുപ്പ് തയ്യാറാക്കേണ്ടതാണ്. അതിനനുസരിച്ചാകണം ലൈസൻസ് നൽകേണ്ടത്,’ ഗാഡ്ഗിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Back to top button
error: