CrimeNEWS

വിദേശജോലിക്ക് വരുമാന സര്‍ട്ടിഫിക്കറ്റിനായി 10,000 രൂപ കൈക്കൂലി; ഇടുക്കി തഹസീല്‍ദാര്‍ വിജിലന്‍സ് പിടിയില്‍

തൊടുപുഴ: വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാര്‍ വിജിലന്‍സിന്റെ പിടിയില്‍. ഇടുക്കി തഹസീല്‍ദാര്‍ ജയേഷ് ചെറിയാനെയാണ് കട്ടപ്പന കാഞ്ചിയാറിലെ വീട്ടില്‍ വച്ച് വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തത്. മകന് വിദേശത്ത് പഠനത്തോടൊപ്പം ജോലിക്ക് പോകുന്നതിനായി കട്ടപ്പന കാഞ്ചിയാര്‍ സ്വദേശി വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു .

എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 10,000 രൂപ നല്‍കണമെന്ന് ഇടുക്കി തഹസില്‍ദാര്‍ ജയേഷ് ചെറിയാന്‍ ആവശ്യപ്പെടുകയായിരുന്നു. തുക കുറക്കണമെന്ന് അപേക്ഷകനായ കാഞ്ചിയാര്‍ സ്വദേശി ആവശ്യപ്പെട്ടെങ്കിലും തഹസില്‍ദാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.

Signature-ad

രാത്രി എട്ടു മണിയോടെ പണം കൈപ്പറ്റുന്നതിനിടെ കട്ടപ്പനയിലെ വീട്ടില്‍ നിന്നും ഇയാളെ വിജിലന്‍സ് വിഭാഗം അറസ്റ്റ് ചെയ്യുകയായിരുന്നു. വിജിലന്‍സ് കോട്ടയം ഈസ്റ്റേണ്‍ റേഞ്ച് എസ്.പി: വി.ജി വിനോദ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡിവൈ.എസ്.പി: ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തഹസീല്‍ദാരെ പിടികൂടിയത്.

Back to top button
error: