കോഴിക്കോട്: കോണ്‍ഗ്രസ് മുന്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഫ. കെ.വി തോമസിനെ ക്യാബിനറ്റ് റാങ്കില്‍ ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി എല്‍.ജെ.ഡി രംഗത്ത്.വന്‍ തുക പെന്‍ഷന്‍ പറ്റുന്ന കെ.വി തോമസ് ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തിന്റെ നിയമനത്തെ സ്വാഗതം ചെയ്യുന്നു. ശമ്പളം വാങ്ങിയാണെങ്കില്‍ പുച്ഛം തോന്നുന്നുവെന്ന് എല്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് കെ.വി തോമസിനെ കാബിനറ്റ് പദവിയില്‍ നിയമിക്കാന്‍ തീരുമാനിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് സംസ്ഥാനത്തിന് വലിയ ബാധ്യതയുണ്ടാക്കുന്ന നിയമനം. അച്ചടക്കലംഘനത്തിന് കോണ്‍ഗ്രസ് പുറത്താക്കിയ തോമസിന് എട്ടുമാസത്തിന് ശേഷമാണ് പദവി കിട്ടുന്നത്.
കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലും പിന്നെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് കണ്‍വെന്‍ഷനിലും പങ്കെടുത്തതോടെയായിരുന്നു തോമസിനെതിരായ നടപടി. ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനമടക്കം പലതും കേട്ടെങ്കിലും ഒടുവില്‍ എ. സമ്പത്ത് നേരത്തെ വഹിച്ച പദവിയിലാണ് നിയമനം.
ഒന്നരലക്ഷത്തോളം ശമ്പളവും വീടും വാഹനവും പേഴ്‌സനല്‍സ്റ്റാഫും ഉണ്ടാകും. ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം പ്രതിനിധിയായാണ് തോമസിന്റെ വരവ്. നിലവില്‍ നയതന്ത്രവിദഗ്ധന്‍ വേണു രാജാമണി ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓവര്‍സീസ് പദവിയിലുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ എതിര്‍ചേരി വിട്ടുവരുന്നവരെ സംരക്ഷിക്കുമെന്ന ഉറപ്പാണ് തോമസിന്റെ നിയമനം വഴി സി.പി.എം നല്‍കുന്നത്. പക്ഷെ ധൂര്‍ത്ത് ഉയര്‍ത്തിയാണ് പ്രതിപക്ഷത്തിന്റെ തിരിച്ചടി. ഇതിനിടയിലാണ് ഭരണപക്ഷത്തു നിന്നു തന്നെ കെ.വി തോമസിന്റെ നയമനത്തിനെതിരേ മുറുമുറുപ്പ് ഉയരുന്നത്.