ഹൈദരാബാദ്: ജര്‍മന്‍ ഷെപ്പേര്‍ഡ് നായയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനടെ ഫ്ളാറ്റില്‍നിന്നു വീണു പരുക്കേറ്റ ഡെലിവറി ബോയ് മരിച്ചു. പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയുടെ പ്രതിനിധിയായ മുഹമ്മദ് നിസാം എന്നയാളാണ് മരിച്ചത്. നായയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ഉടമയ്ക്കെതിരേ പൊലീസ് കേസെടുത്തു. നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.
ബുധനാഴ്ച ബഞ്ചാര ഹില്‍സിലെ ഫ്ലാറ്റില്‍ ഭക്ഷണം വിതരണം ചെയ്യാനെത്തിയതായിരുന്നു ഇരുപത്തഞ്ചുകാരനായ നിസാം. കോളിങ് ബെല്ലടിച്ചതിനു പിറകെ ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പെട്ട നായ കുരച്ചുചാടി. കടിക്കുമെന്നുറപ്പായതോടെ നിസാം വരാന്തയിലെ അരഭിത്തിയില്‍ കയറാന്‍ ശ്രമിച്ചു. നായ പിറകെ കുരച്ചു ചാടിയതോടെ ഭയന്നു നിസാം പിടിവിട്ടു താഴേക്കു പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നിസാമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രി മരിച്ചു.
റിസ്വാന്റെ മരണത്തിനു പിന്നാലെ സഹോദരന്റെ പരാതിയില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് നായ ഉടമ ശോഭനയ്ക്കെതിരേ ബഞ്ചാര ഹില്‍സ് പോലീസ് കേസെടുത്തു. അപകടം നടന്നിട്ടും ഭക്ഷണ വിതരണ കമ്പനി തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബം ആരോപിച്ചു. മൂന്നു വര്‍ഷമായി ഈ കമ്പനിയില്‍ ജോലി ചെയ്യുകയാണ് നിസാം. നായ ഉടമയും കമ്പനിയും ചേര്‍ന്നു കുടുംബത്തിനു നഷ്ട പരിഹാരം നല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.