കോഴിക്കോട്: പേരാമ്പ്രയില്‍ പെട്രോള്‍പമ്പുടമയില്‍നിന്ന് കോഴവാങ്ങിയെന്ന പരാതിയില്‍ ബി.ജെ.പി നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. ബി.ജെ.പി. നേതാക്കളായ മണ്ഡലം ജനറല്‍ സെക്രട്ടറി കെ. രാഘവന്‍, മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീജിത്ത് ചാലില്‍ എന്നിവരെയാണ് പാര്‍ട്ടിചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയത്. പാര്‍ട്ടിനേതാക്കള്‍ക്കുനേരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാനും ജില്ലാ കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു.
പേരാമ്പ്രയിലെ ബി.ജെ.പി. യോഗത്തിലുണ്ടായ കൈയാങ്കളിയില്‍ അഞ്ചുപ്രവര്‍ത്തകരെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കുകയുംചെയ്തു. പേരാമ്പ്രയില്‍ നിര്‍മാണത്തിലിരിക്കുന്ന പെട്രോള്‍പമ്പിനുനേരെയുള്ള പ്രതിഷേധം അവസാനിപ്പിക്കാന്‍ ബി.ജെ.പി. മുന്‍ നേതാവും പെട്രോള്‍പമ്പുടമയുമായ പ്രജീഷ് പലേരിയില്‍നിന്ന് കോഴവാങ്ങിയെന്നാണ് ആരോപണം. നേതാക്കള്‍ പണംവാങ്ങുന്ന സി.സി. ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ജില്ലാ കോര്‍കമ്മിറ്റിയോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ്, സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രഭാരിയുമായ കെ. ശ്രീകാന്ത്, കെ. നാരായണന്‍, ടി.പി. ജയചന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍, എന്‍.പി രാധാകൃഷ്ണന്‍, ജി. കാശിനാഥ്, എം. മോഹനന്‍, ഇ. പ്രശാന്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.