IndiaNEWS

ജഡ്ജി നിയമനം സുതാര്യമല്ല; കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തണം, ചീഫ് ജസ്റ്റിസിന് കേന്ദ്രത്തിന്റെ കത്ത്

ന്യൂഡല്‍ഹി: ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര നിയമമന്ത്രാലയം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തു നല്‍കി.

ജഡ്ജി നിയമനത്തില്‍ സുതാര്യതയും പൊതു വിശ്വാസ്യതയും ഉറപ്പാക്കാന്‍ കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധി അനിവാര്യമാണെന്ന് കത്തില്‍ കേന്ദ്രമന്ത്രി റിജിജു അഭിപ്രായപ്പെട്ടു. സുപ്രീം കോടതി കൊളീജിയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെയും ഹൈക്കോടതി കൊളീജിയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെയും ഉള്‍പെടുത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.

Signature-ad

കൊളീജിയം സമ്പ്രദായത്തിനെതിരെ മുമ്പ് പലതവണ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി രംഗത്തു വന്നിരുന്നു. കൊളീജിയം സംവിധാനത്തിന് സുതാര്യതയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, സ്പീക്കര്‍ ഓം ബിര്‍ല തുടങ്ങിയവരും കൊളീജിയം സംവിധാനത്തിനെതിരേ രംഗത്തു വന്നിരുന്നു.

ജഡ്ജി നിയമനത്തിന് നിലവിലുള്ള മാനദണ്ഡം ഭേദഗതിചെയ്യുന്നത് സ്വീകാര്യമല്ലെന്ന നിലപാടിലാണ് സുപ്രീം കോടതി കൊളീജിയത്തിലെ അംഗങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. കൊളീജിയം നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അം?ഗീകരിക്കുന്നത് വൈകുന്നതില്‍ കോടതി നേരത്തെ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ എം ജോസഫ്, എം ആര്‍ ഷാ, അജയ് റസ്‌തോഗി, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്നതാണ് നിലവിലെ സുപ്രീം കോടതി കൊളീജിയം.

 

Back to top button
error: