വൈക്കം: ബ്രിട്ടനിൽ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം സംസ്കരിച്ചു. ഇന്നു രാവിലെ എട്ടു മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ ബന്ധുക്കളും ജനപ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് അവിടെനിന്നു ആംബുലൻസിൽ വൈക്കം ഇത്തിപ്പുഴയിലെ വീട്ടിൽ കൊണ്ടുവന്ന് പൊതുദർശനത്തിനു വച്ച ശേഷം ഉച്ചയ്ക്കാണ് സംസ്കരിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 14 നാണ് നോര്‍ത്താംപ്ടണ്‍ഷയറിലെ കെറ്ററിംഗിലെ വസതിയില്‍ അഞ്ജുവിനേയും (40) മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരെയും ഭര്‍ത്താവ് സാജു കൊലപ്പെടുത്തിയത്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെവന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു.
വീട് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി വീട് തുറന്നപ്പോള്‍ അഞ്ജുവും മക്കളും ചോരയില്‍ കുളിച്ചു കിടക്കുന്നതായി കാണപ്പെടുകയുമായിരുന്നു. അഞ്ജു മരിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തില്‍ വരഞ്ഞ് മുറിവുകളുണ്ടാക്കി എന്ന് ബോദ്ധ്യമായി. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി ചെലേവാലന്‍ സാജു(52) പോലീസ് കസ്റ്റഡിയിലാണിപ്പോൾ.
2012 ലാണ് സാജുവിനെ അഞ്ജു വിവാഹം ചെയ്തത്. ആദ്യം ഇവര്‍ സൗദിയിലായിരുന്നു. തുടര്‍ന്നാണ് യു.കെയിലേക്ക് പോയത്. അവിടെ സര്‍ക്കാര്‍ സർവ്വീസിൽ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു അഞ്ജു. സാജുവിന് ഹോട്ടലില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയാണ്. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ യു.കെയില്‍ എത്തിയത്.
ഇതിനിടെ അഞ്ജുവിനെയും കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് കണ്ണൂർ സ്വദേശി സാജു ചേലവേലിലിന്റെ വിചാരണ നോർത്താംപ്റ്റൺഷെയർ കൊറോണർ കോതിയിൽ ആരംഭിച്ചു.
മക്കളെ രണ്ടുപേരെയും സാജു കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. ശ്വാസം മുട്ടിയാണ് അഞ്ജുവിന്റെയും മരണം. ലെസ്റ്ററിലെ റോയൽ ഇൻഫേമറ്ററിയിൽ നേരത്തെ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിൽ മൂന്നുപേരും മരിച്ചത് ശ്വാസം മുട്ടിയാണെന്ന് വ്യക്തമായിരുന്നു.
കേസിൽ ഇപ്പോഴും തുടർ പരിശേധനകളും അന്വേഷണങ്ങളും പുരോഗമിക്കുന്നതിനാൽ കൂടുതൽ വിചാരണ ജൂലൈ ആറിലേക്ക് മാറ്റി. ഏകദേശം പത്തുമിനിറ്റിൽ താഴെ മാത്രമായിരുന്നു ആദ്യദിവസത്തെ കോടതി നടപടികൾ.
ഇതിനിടെ കൊലപാതകത്തിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് രണ്ടംഗ ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളും നോർത്താംപ്റ്റൺഷെയർ പൊലീസിലെ ചീഫ് ഇൻവവെസ്റ്റിഗേഷൻ ഓഫിസറുമാണ് കേരളത്തിലേക്ക് വരുന്നത്. അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതിനൊപ്പം എത്താനിരുന്ന ഇരുവരും അവസാന നിമിഷം ഹോം ഓഫിസിന്റെ ചില ക്ലിയറൻസുകൾ കിട്ടാതിരുന്നതിനാൽ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.