IndiaNEWS

വധശ്രമക്കേസില്‍ 10 വര്‍ഷം തടവ്: ലക്ഷദ്വീപ് എംപിയെ അയോഗ്യനാക്കി ഉത്തരവിറങ്ങി

ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ഉത്തരവ്. ലോക്‌സഭാ സെക്രട്ടറി ജനറലാണ് എം.പിയെ അയോഗ്യനാക്കിയുള്ള ഉത്തരവിറക്കിയത്. ശിക്ഷ വിധിക്കപ്പെട്ട ജനുവരി 11 മുതല്‍ എം.പിയെ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതായി ഉത്തരവില്‍ പറയുന്നു. ലോക്‌സഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിംഗ് ആണ് ഉത്തരവിറക്കിയത്. ക്രിമിനല്‍ കേസ് എം.പിയെ കോടതി ശിക്ഷിച്ച സാഹചര്യത്തിലാണ് ചട്ടപ്രകാരമുള്ള നടപടി.

അതേസമയം, വധശ്രമ കേസിലെ പത്ത് വര്‍ഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ അടക്കം 4 പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. കേസില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പരാതിക്കാരനായ മുഹമ്മദ് സാലിഹിനോടും പ്രോസിക്യൂഷനോടും കോടതി നിര്‍ദേശിച്ചിരുന്നു. അപ്പീലില്‍ വിധി വരുന്നത് വരെ കവരത്തി കോടതിയുടെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന എംപിയുടെ ആവശ്യത്തില്‍ ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Signature-ad

2009 ല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് നാല് പ്രതികളെ 10 വര്‍ഷം തടവിനും 1 ലക്ഷം രൂപ പിഴയൊടുക്കാനും കവരത്തി ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പ്രതികള്‍ നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് കഴിയുന്നത്.

Back to top button
error: