
മുംബൈ: നടി തുനിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ഷീസൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈ വസായ് കോടതി തള്ളി. ഷീസൻ പൊലീസ് കസ്റ്റഡിയിൽ തുടരും. നിലവിൽ താനെ സെൻട്രൽ ജയിലിലാണ് ഷീസൻ ഖാനുള്ളത്. ജാമ്യം ലഭിക്കുന്നതിനായി ഷീസാന്റെ കുടുംബം മുംബൈ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം.
തുനിഷയുടെ മരണത്തിൽ ഷീസാന് യാതൊരു പങ്കുമില്ലെന്നാണ് ഷീസന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്. ശൈലേന്ദ്ര മിശ്ര, ശരദ് റായ് എന്നിവരാണ് ഷീസാനു വേണ്ടി ഹാജരായത്. അതേസമയം, സത്യം മറച്ചുവയ്ക്കാൻ ഷീസാന്റെ കുടുംബം നാടകം കളിക്കുകയാണെന്ന് തുനിഷയുടെ അഭിഭാഷകൻ വാദിച്ചു. അഡ്വ. തരുൺ ശർമയാണ് തുനിഷയ്ക്കായി ഹാജരായത്. തുനിഷയുടെ മരണത്തിൽ ഷീസാന്റെ അമ്മയ്ക്കും പങ്കുണ്ടെന്നും അവരെയും പ്രതി ചേർക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.






