തിരുവനന്തപുരം: മംഗലപുരത്ത് പൊലീസിനുനേരെ വീണ്ടും ബോംബേറ്. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മുഖ്യപ്രതി ഷെഫീഖാണ് ആക്രമിച്ചത്. ഷെഫീഖിനെ കസ്റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. സമാന ആക്രമണം ഉച്ചയ്ക്കുമുണ്ടായിരുന്നു.
പുത്തൻതോപ്പ് സ്വദേശിയായ നിഖിൽ നോർബെറ്റ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിയായ ഷെഫീഖിന്റെ വീട് തിരിച്ചറിഞ്ഞ് എത്തിയപ്പോഴാണ് ഉച്ചയ്ക്ക് ബോംബേറുണ്ടായത്. ഉച്ചയ്ക്ക് പൊലീസിനു നേരെ പെട്രോൾ ബോംബെറിഞ്ഞ് ഷെഫീഖ് രക്ഷപ്പെട്ടിരുന്നു. എന്നാൽ ഷെഫീഖിന്റെ സഹോദരനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഷെഫീഖ് വീണ്ടും അവിടെ എത്തിയെന്ന വിവരം അറിഞ്ഞാണ് രാത്രിയിൽ പൊലീസ് എത്തി വീടു വളഞ്ഞത്. എന്നാൽ ഇവിടെ എത്തിയപ്പോൾ രണ്ടു നാടൻ ബോംബുകൾ പൊലീസിനു നേർക്ക് വലിച്ചെറിയുകയായിരുന്നു. ആർക്കും പരുക്കില്ല. ഷെഫീഖ് വീണ്ടും ഓടി രക്ഷപ്പെട്ടെന്നാണ് വിവരം. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വലിയ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.