KeralaNEWS

കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയ അമല്‍ നീരദിനെ വിലക്കി പൊലീസ്

കോട്ടയം: കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികളെ കാണാനായെത്തിയ സംവിധായകന്‍ അമല്‍ നീരദിനെ തടഞ്ഞ് പോലീസ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അകത്ത് നിന്നുകൊണ്ട് സംസാരിക്കാന്‍ പാടില്ലെന്നും പുറത്ത് നില്‍ക്കണമെന്നും പോലീസ് അദ്ദേഹത്തോട് പറഞ്ഞു.

ജാതി വിവേചനം കാണിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തതിനെ തുടര്‍ന്ന് ഡിസംബര്‍ 24 മുതല്‍ ജനുവരി എട്ട് വരെ കോളജ് അടച്ചിടാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ പുറത്ത് നിന്നുള്ള ആരും കോളജില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് കാണിച്ചാണ് അമല്‍ നീരദിനെ ഉള്ളിലേക്ക് പ്രവേശിപ്പിക്കാത്തതെന്നാണ് പോലീസിന്റെ ന്യായികരണം.

Signature-ad

താന്‍ അകത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഗേറ്റ് പൂട്ടി ഇടുകയും പുറത്തോട്ട് കുട്ടികളെ വിടാതിരിക്കുകയായിരുന്നുവെന്നും അമല്‍ നീരദ് പോലീസിനോട് പറഞ്ഞു. താന്‍ ഇവരെ കാണാന്‍ എറണാകുളത്ത് നിന്നും വന്നതാണെന്നും കുട്ടികളുമായി അരമണിക്കൂര്‍ സംസാരിച്ചതിന് ശേഷം താന്‍ മടങ്ങി പോകുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളെ പുറത്തേക്ക് വിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അധികൃതരാണെന്നാണ് പോലീസ് മറുപടി പറഞ്ഞത്. പുറത്ത് നിന്നും അമല്‍ നീരദ് കയറാന്‍ നിന്നത് കൊണ്ടാണ് ഗേറ്റ് അടച്ചിട്ടിരിക്കുന്നതെന്നും കുട്ടികളോട് സംസാരിക്കണമെങ്കില്‍ പുറത്ത് നിന്ന് സംസാരിക്കേണ്ടി വരുമെന്നുമാണ് പോലീസ് അമല്‍ നീരദിനോട് പറഞ്ഞത്.

അതേസമയം, ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെ നീക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ അഞ്ചിനാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്. ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ നേതൃത്വത്തില്‍ ജാതി വിവേചനവും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുമുണ്ടായതിനെതിരെയാണ് സമരം. ഡയറക്ടര്‍ നിലവില്‍ ഈ തസ്തികയില്‍ ഇരിക്കാന്‍ അര്‍ഹനല്ലെന്നും നിയമലംഘനമാണ് നടക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ താല്‍ക്കാലിക തൊഴിലാളികളെ വീട്ടുജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് സ്ഥാപനത്തിലെ ജാതി വിവേചനത്തിനെതിരെ ചര്‍ച്ചകളും പ്രതിഷേധവും ആരംഭിച്ചത്.

സര്‍ക്കാരിലെ ഉന്നതനുമായുളള ബന്ധം ഉപയോഗിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ആരോപണ വിധേയനായ ശങ്കര്‍ മോഹനനെ സംരക്ഷിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച അന്വേഷണ കമ്മിഷന്‍ ക്യാമ്പസിലെത്തി തെളിവെടുപ്പും നടത്തിയിരുന്നു.

 

Back to top button
error: