CrimeNEWS

‘ഒരു തെക്കന്‍ തല്ലുകേസ്’…പരാതിക്കാരനെക്കൊണ്ട് പ്രതിയെ തല്ലിച്ച സംഭവത്തില്‍ എസ്.ഐക്കെതിരേ അന്വേഷണം

കൊല്ലം: പരാതിക്കാരനെക്കൊണ്ട് പ്രതിയെ തല്ലിച്ച സംഭവത്തില്‍ എസ്.ഐക്കെതിരേ അന്വേഷണം ആരംഭിച്ചു. അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. ജയശങ്കറിനെക്കുറിച്ച് ഉയര്‍ന്ന പരാതിയില്‍ സ്പെഷ്യല്‍ബ്രാഞ്ച് എ.സി.പി. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും. സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ചൊവ്വാഴ്ച വൈകിട്ടാണ് വിവാദ സംഭവത്തിനു തുടക്കം. പ്രാക്കുളം സ്വദേശിയായ രാഹുല്‍, തൃക്കരുവ മണലിക്കട സ്വദേശിയായ സെബാസ്റ്റ്യന്‍ തന്നെ അടിച്ചെന്നുകാണിച്ച് അഞ്ചാലുംമൂട് സ്റ്റേഷനില്‍ പരാതിനല്‍കി. ബുധനാഴ്ച ഇരുവരെയും അഞ്ചാലുംമൂട് എസ്.ഐ. ജയശങ്കര്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി. ചോദ്യംചെയ്യലില്‍ തന്നെ അടിച്ചകാര്യം രാഹുല്‍ പറഞ്ഞു. അടിക്കുപകരം അടികൊടുത്ത് പ്രശ്നം തീര്‍ക്കാമെന്നുപറഞ്ഞ് രാഹുലിനോട് സെബാസ്റ്റ്യനെ അടിക്കാന്‍ എസ്.ഐ. ആവശ്യപ്പെട്ടു. തുടര്‍ന്ന് എസ്.ഐയുടെ സാന്നിധ്യത്തില്‍ രാഹുല്‍, സെബാസ്റ്റ്യനെ ചെകിട്ടത്ത് അടിച്ചതായാണ് പരാതി.

Signature-ad

രാഹുല്‍ ബി.ജെ.പി.പ്രവര്‍ത്തകനും സെബാസ്റ്റ്യന്‍ ഡി.വൈ.എഫ്.ഐ.അനുഭാവിയുമാണ്. അടികിട്ടിയ വിവരം സെബാസ്റ്റ്യന്‍ പാര്‍ട്ടി നേതാക്കളെ അറിയിച്ചതിനെത്തുടര്‍ന്ന് പ്രശ്നം സങ്കീര്‍ണമായി. സെബാസ്റ്റ്യന്‍ ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. വാദിക്കും പ്രതിക്കുമെതിരേ അഞ്ചാലുംമൂട് പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ സി.ഐയും എ.സി.പിയും സ്ഥലത്തില്ലായിരുന്നുവെന്നാണ് വിവരം.

അടുത്തിടെ വയോധികനോട് കയര്‍ത്തു സംസാരിച്ച സംഭവത്തില്‍ എ.സി.പി താക്കീത് ചെയ്ത ഉദ്യോഗസ്ഥനാണ് ആരോപണവിധേയനായ ജയശങ്കര്‍. സ്റ്റേഷനില്‍ വച്ച് തന്നെ തിരിച്ചടിക്കാന്‍ മടികാണിച്ച യുവാവിനെ എസ്.ഐ നിര്‍ബന്ധിച്ച് തല്ലിക്കുകയായിരുന്നെന്നും സെബാസ്റ്റ്യന്‍ പറയുന്നു.

Back to top button
error: