കോഴിക്കോട്: ദുരന്ത ലഘൂകരണ മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങവെ 15 വയസുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ പഞ്ചായത്തംഗം കീഴടങ്ങി. മാവൂര്‍ പഞ്ചായത്തംഗവും സി.പി.എം നേതാവുമായ കെ.ഉണ്ണികൃഷ്ണന്‍ ആണ് കീഴടങ്ങിയത്. ഉണ്ണികൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് പോക്‌സോ കോടതി തള്ളിയിരുന്നു. ഒളിവിലായിരുന്ന പ്രതി ജാമ്യാപേക്ഷ കോടതി തള്ളിയതോടെ കീഴടങ്ങുകയായിരുന്നു.
ഡിസംബര്‍ 29നാണ് സംഭവം. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നേതതൃത്വത്തില്‍ സംഘടിപ്പിച്ച മോക്ഡ്രില്ലില്‍ പങ്കെടുത്ത 15 വയസുകാരനെ മോക്ഡ്രില്ലിനായി എത്തിച്ച ആംബുലന്‍സില്‍ വച്ചും തന്റെ കാറില്‍ വച്ചും പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നാണ് പരാതി. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയില്‍ മാവൂര്‍ പോലീസ് ആണ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്.