തിരുവനന്തപുരം: കുഴല്‍മന്ദത്ത് കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഡ്രൈവറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ സി.എല്‍. ഔസേപ്പിനെതിരെയാണ് നടപടി.
2022 ഫെബ്രുവരി ഏഴിന് പാലക്കാട്ടുനിന്ന് വടക്കാഞ്ചേരിയിലേക്ക് സര്‍വീസ് നടത്തിയ ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ഡ്രൈവറായിരിക്കേ കുഴല്‍മന്ദത്തുവെച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നടപടി സ്വീകരിക്കുകയായിരുന്നു.
അപകടകരമാം വിധം വാഹനമോടിച്ച് ബൈക്ക് യാത്രക്കാരുടെ മരണത്തിനിടയാക്കിയെന്ന് കെ.എസ്.ആര്‍.ടി.സി നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. പിന്നാലെ 2022 ഫെബ്രുവരി 10ന് തന്നെ ഔസേപ്പിനെ സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്ന് നടന്ന വിശദമായ വാദം കേള്‍ക്കലുകള്‍ക്കും തെളിവെടുപ്പുകള്‍ക്കും വീഡിയോ പരിശോധനകള്‍ക്കും ശേഷം ഔസേപ്പിന്റെ മേലുള്ള കുറ്റം തെളിയിക്കപ്പെട്ടു.
ഔസേപ്പ് മുന്‍പും പലതവണ ബസ് അപകടത്തില്‍പ്പെടുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയില്‍ ഇനിയും തുടര്‍ന്നാല്‍ കൂടുതല്‍ മനുഷ്യജീവനുകള്‍ക്ക് ഹാനികരമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.